ലയണൽ മെസ്സിക്ക് പിറകെ കണ്ണീരുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും റഷ്യയിൽ നിന്ന് മടങ്ങുന്നു. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയ യുറഗ്വായ് ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. അർജന്റീനയെ വീഴ്ത്തിയ ഫ്രാൻസാണ് ക്വാർട്ടറിൽ യുറഗ്വായുടെ എതിരാളികൾ

റഷ്യ ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത യുറഗ്വായുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്‌. എഡിൻസൺ കവാനി നേടിയ ഇരട്ടഗോളിലാണ് യുറഗ്വായ് ക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കിയത്. ഏഴ്, അറുപത്തിരണ്ട് മിനിറ്റുകളിലായിരുന്നു കവാനിയുടെ എണ്ണം പറഞ്ഞ ഗോളുകൾ. അമ്പത്തിയഞ്ചാം മിനിറ്റിൽ പെപ്പെയാണ്‌ പോർച്ചുഗലിനുവേണ്ടി ഒരു ഗോൾ മടക്കിയത്‌.

ക്രിസ്റ്റിയാനോയെ പൂട്ടിയതിനൊപ്പം യുറഗ്വായുടെ പഴുതടച്ച പ്രതിരോധം മറികടക്കാന്‍ പോര്‍ച്ചുഗല്‍ നന്നായി പാടുപെട്ടു. പെപ്പെ നേടിയ ഗോളില്‍ മാത്രമാണ് അല്‍പമെങ്കിലും പിഴവ് യുറഗ്വായ് പ്രതിരോധത്തില്‍ പ്രകടമായത്. പന്തടക്കത്തിലും പാസിലുമെല്ലാം പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും കവാനിയുടെ ഇരട്ട ഗോള്‍ മറികടക്കാന്‍  പോര്‍ച്ചുഗലിന് സാധിക്കാതിരുന്നതോടെ അര്‍ഹിച്ച വിജയം യുറഗ്വായ് സ്വന്തമാക്കി.

ലയണൽ മെസ്സിയെ നഷ്ടമായതിന്റെ നൊമ്പരം മാറും മുൻപ് ലോകകപ്പിന്റെ സങ്കടമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും. എഡിൻസൺ കവാനിയുടെ ഇരട്ട ഗോളുകളുടെയും പഴുതില്ലാത്ത പ്രതിരോധത്തിന്റെയും മികവിൽ 2–1ന് പോർച്ചുഗലിനെ തകർത്ത് യുറഗ്വായ് ക്വാർട്ടറിൽ. അർജന്റീനയും മെസ്സിയും കീഴടങ്ങിയ അതേ ദിവസം തന്നെ ക്രിസ്റ്റ്യാനോയും ലോകകപ്പിൽനിന്ന് നടന്നകന്നത് വിധി കാത്തു വച്ച യാദൃച്ഛികത. ഏഴ്, 62 മിനിറ്റുകളിലായിരുന്നു, ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ കവാനിയുടെ ഗോളുകൾ. 55–ാം മിനിറ്റിൽ പെപ്പെ പോർച്ചുഗലിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ക്വാർട്ടറിൽ ജൂലൈ ആറിനു രാത്രി 7.30ന് യുറഗ്വായ് ഫ്രാൻസിനെ നേരിടും.

യുറഗ്വായുടെ പ്രതിരോധ ദുർഗത്തെ ഭേദിക്കാൻ വഴികളൊന്നുമില്ലാതെ കുഴങ്ങിയ റൊണാൾഡോയെ രക്ഷിക്കാൻ സോച്ചിയിൽ ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്ന ആരാധകരുടെ ആരവങ്ങൾക്കും കഴിഞ്ഞില്ല. പോർച്ചുഗലിന്റെ പ്രകടനം കാണാനെത്തിയ കുടുംബാംഗങ്ങൾ സാക്ഷിയായി ലോകകപ്പിന്റ ശബ്ദഘോഷങ്ങളിൽനിന്ന് അവസാനവട്ടം ക്രിസ്റ്റ്യാനോ നടന്നകന്നു.

പോർച്ചുഗൽ നിലയുറപ്പിക്കും മുൻപ് ലീഡ് നേടിയ യുറഗ്വായ് സുശക്തമായ പ്രതിരോധത്തിലൂടെ എതിരാളികളെ പൂട്ടുകയായിരുന്നു. ആദ്യപകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ തൊടുത്ത ശക്തമായ ഷോട്ട് ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‍ലേര കയ്യിലൊതുക്കുയും ചെയ്തു. ഏഴാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്ന് സ്വാരെസിന്റെ സുന്ദരൻ ക്രോസിലേക്കു കുതിച്ചുയർന്ന് കവാനി വലകുലുക്കിയപ്പോൾ പോർച്ചുഗൽ ക്യാംപ് ഞെട്ടി (1–0). വലതു പാർശ്വത്തിൽനിന്നു ബോക്സിനകത്തേക്കു പറന്നു കയറിയ കവാനിയെ മാർക്കു ചെയ്യുന്നതിൽ വന്ന പിഴവാണ് പോർച്ചുഗലിനു വിനയായത്.

ഇടവേളയ്ക്കു മുൻപ് പന്തടക്കത്തിൽ മികച്ചു നിന്ന പോർച്ചുഗലിന് നിർണായക മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ലീഡ് നേടിയതിനു ശേഷം പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞെങ്കിലും കൗണ്ടർ അറ്റാക്കുകൾക്കുള്ള അവസരങ്ങൾ യുറഗ്വായ് പാഴാക്കിയില്ല. ക്രിസ്റ്റ്യാനോയ്ക്ക് പന്തെത്തിക്കുന്നതിൽ പോർച്ചുഗൽ പരാജയപ്പെട്ടതോടെ ആദ്യപകുതിയുടെ ആധിപത്യം അവർക്കു നഷ്ടമായി. യുറഗ്വായുടെ പ്രതിരോധം ഭേദിക്കാൻ പോന്ന ഷോട്ടുകൾ ഒന്നും പിറന്നില്ല.

അതേസമയം, മധ്യനിരയിലെ മേൽക്കോയ്മ എതിരാളികൾക്കു വിട്ടുകൊടുത്ത യുറഗ്വായ് ഒരു ഗോളിന്റെ ലീഡ് നിലനിർത്താനാണ് ശ്രമിച്ചത്. പല ഘട്ടങ്ങളിലും യുറഗ്വായ് താരങ്ങൾ ഒന്നടങ്കം പിന്നോട്ടിറങ്ങി പ്രതിരോധനിരയ്ക്കു പിന്തുണ നൽകി. ഇടവേളയ്ക്കു ശേഷവും യുറഗ്വായ് അമിത പ്രതിരോധത്തിനു ശ്രമിച്ചപ്പോഴാണ് 55–ാം മിനിറ്റിൽ പോർച്ചുഗലിന്റെ സമനില ഗോൾ (1–1). കോർണറിൽനിന്ന് പെപ്പെ ഗോൾ നേടിയതിനു പിന്നാലെ ആലസ്യത്തിൽനിന്ന് ഉണർന്ന യുറഗ്വായ് പ്രത്യാക്രമണത്തിലൂടെ തിരിച്ചടിച്ചു.

62–ാം മിനിറ്റിൽ വലതു പാർശ്വത്തിൽനിന്ന് റോഡ്രിഗോ ബെന്റാങ്കുറിന്റെ ഡയഗണൽ ക്രോസിലേക്ക് ഓടിക്കറിയ കവാനിയുടെ ഉജ്വല ഷോട്ട് ഗോ‍ൾകീപ്പർ റൂയി പട്രീഷ്യോയെയും കടന്ന് വലയിൽ (2–1). സമനില പിടിക്കാനായി പോർച്ചുഗൽ താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

SHARE