ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ഏഷ്യൻ താരം എന്ന ബഹുമതി കെയ്സുക്കെ ഹോണ്ടയുടെ പേരിലാണ്. 2010 ലോകപ്പിൽ രണ്ടും 2014ൽ ഒന്നും ഗോളുകൾ നേടിയ ഹോണ്ട ഈ ലോകകപ്പിൽ സെനഗലിനെതിരെയും ഗോൾ നേടി. ജപ്പാന്റെ സൂപ്പർ താരം കെയ്സുക്കെ ഹോണ്ട പറയുന്നു

എന്നെ ഒരു ഫുട്ബോൾ ഭ്രാന്തനാക്കിയത് പെലെയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ എനിക്ക് ആറു‌ വയസ്സുള്ളപ്പോഴാണ് സംഭവം. അച്ഛൻ കൊണ്ടുവന്ന വിഡിയോ ടേപ്പ് വിസിആറിൽ ഇട്ടപ്പോൾ തെളി‍‌ഞ്ഞു വന്നത് ആ മായികക്കാഴ്ച. ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ ആണെങ്കിലും എല്ലാം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. സ്ക്രീനിന്റെ വലതുഭാഗത്തുനിന്ന് പെലെ പന്തുമായി ഡ്രിബിൾ ചെയ്തു പോകുന്നു. മറ്റൊരാൾ അതു പോലെ പന്തിനെ അടക്കി ഭരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അന്നു ഞാൻ തീരുമാനിച്ചു. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഫുട്ബോൾ കളിക്കാരനാകണം. ലോകകപ്പിൽ കളിക്കണം. പോരാ… ലോകകപ്പ് ജയിക്കണം.

പക്ഷേ, അതിന് ആഗ്രഹം മാത്രം പോരല്ലോ. അചഞ്ചലമായ ആത്മവിശ്വാസവും അടങ്ങാത്ത വിജയതൃഷ്ണയുമൊക്കെയുള്ള ഒരാളായി എന്നെ മാറ്റിയെടുത്തത് മറ്റൊരാളാണ്– എന്റെ മുത്തശ്ശി. എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ ഒസാക്ക നഗരത്തിൽ മുത്തശ്ശിയുടെ കൂടെയായിരുന്നു ഞാൻ. അസാധാരണമായ വിധത്തിൽ കണിശക്കാരിയായിരുന്നു. വീട്ടിൽ ദാരിദ്ര്യമൊന്നുമില്ലെങ്കിലും കാര്യങ്ങൾ ഒരു വിധത്തിലാണ് മുത്തശ്ശി കരയ്ക്കടുപ്പിച്ചിരുന്നത്. ചെറിയ മോഹങ്ങൾ മതി, ഒന്നിനും പരാതി പറയേണ്ട എന്നായിരുന്നു ആപ്തവാക്യം.

പക്ഷേ, ഞാൻ സമ്മതിക്കുമോ? ഇതിന്റെ പേരിൽ ഞങ്ങൾ തമ്മി‍ൽ എപ്പോഴും വഴക്കായിരുന്നു. സ്കൂളിൽ പോയാൽ, നേരേ ചൊവ്വേ ക്ലാസിൽ കയറാതെ പന്തുകളിച്ചിരിക്കുകയാണെന്ന് അധ്യാപകർ മുത്തശ്ശിയോട് പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ നല്ല തല്ലും കിട്ടി, ചോരയൊലിപ്പിച്ചു നടന്നിട്ടുണ്ട്. എങ്കിലും മുത്തശ്ശിയെ എനിക്കു ജീവനായിരുന്നു.

ജപ്പാനു വേണ്ടി ലോകകപ്പ് ജയിക്കാനും സാൻസിറോയിൽ ഇന്റർമിലാനു വേണ്ടി കളിക്കാനും ആഗ്രഹിച്ചു നടന്നിരുന്ന എനിക്ക് മനക്കരുത്തിന്റെ പാഠങ്ങൾ പകർന്നു തരികയായിരുന്നു മുത്തശ്ശി. പിന്നീടുള്ള എന്റെ യാത്രയിൽ എനിക്കു ബലമായത് ഈ ശീലങ്ങളാണ്. 22–ാം വയസ്സിൽ ഹോളണ്ടിലെ വിവിവി വെൻലോ ക്ലബ്ബിൽ വലിയ പ്രതീക്ഷകളോടെ ചേർന്നെങ്കിലും തുടക്കം മോശമായി. എന്നാൽ, തോൽക്കാൻ മനസ്സില്ലായിരുന്നു. പിഴവുകൾ ഒന്നൊന്നായി തിരുത്തിയതോടെ യൂറോപ്പിൽ എന്റെ വഴി തെളിഞ്ഞു.

ഹോളണ്ടിൽനിന്ന് റഷ്യയിലെ സിഎസ്കെഎ മോസ്കോയിലേക്കും അവിടെനിന്ന് ഇറ്റലിയിലെ എസി മിലാനിലേക്കും ഇപ്പോൾ അവിടെനിന്ന് മെക്സിക്കോയിലെ സിഎഫ് പച്ചുക്ക ക്ലബ്ബിലും എത്തിനിൽക്കുന്നു. കളിയുമായി ബന്ധപ്പെട്ട് അൻപതിലേറെ രാഷ്ട്രങ്ങളിലേക്കു നടത്തിയ യാത്രകൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റി. യൂറോപ്പിൽ ഒപ്പം കളിച്ചിരുന്ന പലരും കിട്ടുന്ന കാശിന്റെ വലിയൊരു പങ്കും നാട്ടിലേക്ക് അയച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്.

വീട്ടുകാരുടെ കണ്ണീരൊപ്പാൻ അവർ കാട്ടുന്ന ത്യാഗമനോഭാവം മനസ്സിനെ വല്ലാതെ സ്പർശിച്ചു. ആ ഓർമയിൽനിന്നാണ് യുമെ ഫൗണ്ടേഷൻ എന്ന എന്റെ സ്വപ്നത്തിന്റെ തുടക്കം. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സ്കോളർഷിപ് നൽകുന്നുണ്ട്. ഇന്തൊനീഷ്യ, വിയറ്റ്നാം, തായ്‍ലൻഡ്, യുഗാണ്ട, കംബോഡിയ, അമേരിക്ക എന്നീ രാജ്യങ്ങളിലായി 18 ഫുട്ബോൾ ക്യാംപുകൾ നടത്തി വരുന്നു. 70 വ്യത്യസ്ത പദ്ധതികളിലായി ലോകമെമ്പാടുമുള്ള 15,000 കുട്ടികൾക്ക് പിന്തുണ നൽകുന്നു.

മുത്തശ്ശിയുടെ പാഠങ്ങളിലൂടെ ‍ഞാൻ എന്റെ മൂന്നാമത്തെ ലോകകപ്പിൽ എത്തിനിൽക്കുന്നു. ഫുട്ബോളിനെ പ്രണയിക്കുന്ന ഓരോ കുട്ടിക്കും അതിനുള്ള അവസരമുണ്ടാകമെന്നാണ് എന്റെ സ്വപ്നം.

SHARE