ഒരു ഭുവനേശ്വർ കുമാറോ ഒരു ജസ്പ്രീത് ബുംമ്രയോ മാത്രം വിചാരിച്ചാൽ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യയെ ജയിപ്പിക്കാനാവില്ലെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന മദൻലാൽ. ഇരുവരും പരുക്കിന്റെ ഭീഷണിയിലായതിനാൽ ഇന്ത്യൻ പേസ് ബോളിങ് ത്രിമൂർത്തികളായ ഇഷാന്ത് ശർമ–മുഹമ്മദ് ഷാമി–ഉമേഷ് യാദവ് കൂട്ടുകെട്ടിന്റെ കൂട്ടായ പരിശ്രമം ഇന്ത്യൻ വിജയത്തിന് അത്യന്താപേഷിതമാണെന്ന് മദൻലാൽ അഭിപ്രായപ്പെട്ടു. അഞ്ച് ടെസ്റ്റ് മൽസരങ്ങളിലും സ്ഥിരതയോടെയും യോജിപ്പോടെയും ബോൾ ചെയ്യാനായാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പരയിൽ പ്രതീക്ഷ വയ്ക്കേണ്ടതുള്ളൂവെന്നും മദൻലാൽ ചൂണ്ടിക്കാട്ടി.

 

ഒരു ഭുവനേശ്വർ കുമാറിനോ ഒരു ജസ്പ്രീത് ബുംമ്രയ്ക്കോ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ ടീമിന് വിജയം സമ്മാനിക്കാനാകില്ല. ഒരു യൂണിറ്റായി ആക്രമിക്കാൻ ബോളർമാർക്കു സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഒരു സെഷനിലാണെങ്കിൽ പോലും ബോളിങ് ആക്രമണം അയഞ്ഞുപോയാൽ മൽസരം തന്നെ കൈവിടേണ്ടി വരും. ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെ വീഴ്ത്താൻ സ്പിന്നർമാർക്ക് വലവിരിക്കാൻ പാകത്തിൽ സമ്മർദ്ദം നിലനിർത്താനും പേസ് ബോളർമാർക്ക് സാധിക്കണമെന്ന് മദൻലാൽ അഭിപ്രായപ്പെട്ടു.

 

81 ടെസ്റ്റുകൾ കളിച്ചതിന്റെ അനുഭവസമ്പത്തുള്ള ഇഷാന്ത് ശർമയാകണം ഇന്ത്യൻ ആക്രമണത്തിന്റെ കുന്തമുനയെന്നും മദൻലാൽ അഭിപ്രായപ്പെട്ടു. അടുത്തിടെ കൗണ്ടി ക്രിക്കറ്റിൽ കളിച്ചു സമ്പാദിച്ച പരിചയവും ഇക്കാര്യത്തിൽ ഇഷാന്തിനെ തുണയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

ഐപിഎല്ലിന്റെ സമയത്തുപോലും കൗണ്ടിയിൽ കളിക്കുകയായിരുന്നു ഇഷാന്ത്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ ബോൾ ചെയ്യാൻ ക്യാപ്റ്റൻ പന്തു നൽകുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ തിരിച്ചറിയാൻ ഇഷാന്തിന് വേഗത്തിൽ സാധിക്കും. കൗണ്ടിയിലെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ ഇഷാന്തിനായാൽ കോഹ്‍ലിയുടെ മുഖത്തുനിന്ന് പുഞ്ചിരി മായില്ലെന്നും മദൻലാൽ പറഞ്ഞു.

 

സമീപകാലത്തു വ്യക്തിജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ മറികടന്ന് ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മുഹമ്മദ് ഷാമിക്ക് സാധിക്കണമെന്നും മദൻലാൽ ചൂണ്ടിക്കാട്ടി. സ്ഥിരത പുലർത്തുന്നതിൽ തികഞ്ഞ പരാജയമായതിനാലാണ് ഉമേഷ് യാദവിന് പലപ്പോഴും തന്റെ പ്രതിഭയോട് നീതി പുലർത്താനാകാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

കടപ്പാട്, മലയാള മനോരമ.

SHARE