കഴിഞ്ഞ ഐപിഎല്‍ സീസണോടു കൂടി തന്‍റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന 23കാരന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 14 ഇന്നിങ്സുകളില്‍ 411 റണ്‍സാണ് ശ്രേയസ് അടിച്ചു കൂട്ടിയത്. ഇന്ത്യക്ക് വേണ്ടി ഇതുവരെ ആറ് ഏകദിനങ്ങളിലാണ് ശ്രേയസ് കളിച്ചത്. 210 റണ്‍സ് നേടിയിട്ടുമുണ്ട്. 42 റണ്‍സ് ശരാശരിയുള്ള താരം രണ്ട് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയിരുന്നു.

 

 

മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തനിക്ക് സാധിച്ചതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് ശ്രേയസ്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ തുറന്നു പറയുന്നത്. ‘ഇന്ത്യന്‍ ടീമിലെത്തിയ ശേഷം ധോണി എന്നോട് പറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് പത്രവായന ഉപേക്ഷിക്കാനും മറ്റൊന്നും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കാനുമായിരുന്നു. ധോണിയുടെ വാക്ക് കേട്ട് അതിനായി പരമാവധി ശ്രമിച്ചു. പക്ഷെ സോഷ്യല്‍ മീഡിയ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമായിരുന്നു. അവയിലെ വിമര്‍ശനങ്ങളാണ് എനിക്ക് പലപ്പോഴും ഊര്‍ജമായിട്ടുള്ളത്.

കളിക്കളത്തില്‍ ഉയര്‍ച്ചയുണ്ടായപ്പോള്‍ താന്‍ സോഷ്യല്‍ മീഡിയ ഉപയോഗം പതുക്കെ കുറച്ചു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഐപിഎല്‍ താരലേല വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒരു പെണ്‍കുട്ടി എനിക്ക് സ്ഥിരമായി മെസേജ് അയക്കുമായിരുന്നു. അവരെ എനിക്ക് നേരത്തെ അറിയാവുന്നതുമാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ അക്ഷമയായി മെസേജ് അയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍റെ വളര്‍ച്ചയില്‍ വളരെസന്തോഷമുള്ളതിനാലാണെന്നായിരുന്നു മറുപടി. അപ്പോള്‍ എനിക്ക് മനസിലായി എന്നെ അറിയാനല്ല അവള്‍ മെസേജ് അയച്ചതെന്നും, എന്‍റെ പണത്തിലായിരുന്നു അവള്‍ക്ക് നോട്ടമെന്നും. അങ്ങനെയും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യം എനിക്കുണ്ടായി.

ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ധോണി ആവശ്യപ്പെട്ടതാണ് സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാനായിരുന്നു അത് എന്‍റെ കരിയറില്‍ മാറ്റങ്ങളുണ്ടാക്കിയെന്ന് വിശ്വസിക്കുന്നതായും ശ്രേയസ് പറഞ്ഞു.

കടപ്പാട് ഏഷ്യാനെറ്റ്

SHARE