ലോകം റഷ്യയെ ഇപ്പോൾ ഫുട്ബോൾ ലോക കപ്പിന്റെ കാര്യത്തിൽ ആണ് ഓർക്കുന്നത്. എന്നാൽ നിങ്ങൾ അവിടെ ക്രിക്കറ്റുണ്ട്. ഇനിയിതാ അതിനൊരു ലീഗ് മൽസരവും വരുന്നു. ഫുട്ബോൾ മഹാമേളയ്ക്കിടെ ചെറുപൂരത്തിന്റെ കാഹളം മുഴക്കുന്നതു പോലെയാണ്, ക്രിക്കറ്റ് റഷ്യ ഇക്കാര്യം പ്രഖ്യാപിച്ചത്. പത്തുവർഷത്തേക്ക് പുതിയ സ്പോൺസർഷിപ് കരാർ ആയ കാര്യവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ക്രിക്കറ്റ് എന്നു കേട്ടാൽ അതെന്താണെന്നു ചോദിക്കുന്ന റഷ്യയിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻകാരുമുൾപ്പെടെയുള്ള ഏഷ്യൻ പ്രവാസികളാണ് കളിക്കാരിൽ ഏറിയ പങ്കും. ഇന്ത്യൻ വംശജനായ അശ്വനി ചോപ്രയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് റഷ്യ, തദ്ദേശീയരുടെ ഇടയിലും കളി പ്രചരിപ്പിക്കാനുള്ള തീവശ്രമത്തിലാണ്. ഇപ്പോൾ മോസ്കോ നഗരം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. 2012ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ക്രിക്കറ്റ് റഷ്യയ്ക്ക് അംഗീകാരം നൽകിയിരുന്നു.

ക്രിക്കറ്റിനോട് സാദൃശ്യമുള്ള ചിസ് (chizh) എന്ന കായികവിനോദം റഷ്യയിൽ പ്രചാരത്തിലുണ്ട്. ബാറ്റും പന്തും ഉപയോഗിച്ചുള്ള ഈ കളിക്ക് ബേസ്ബോളിനോടും സാദൃശ്യമുണ്ട്. അതേസമയം, ക്രിക്കറ്റിലേതു പോലെ സങ്കീർണമായ നിയമങ്ങളൊന്നുമില്ല. ചിസ് കളിക്കാരെ ക്രിക്കറ്റിലേക്ക് അടുപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാർ റഷ്യയിൽ ക്രിക്കറ്റ് എത്തിച്ചെന്നാണ് ചരിത്രം. 1895ൽ നാലു ക്ലബുകളും നിലവിലുണ്ടായിരുന്നു. എന്നാൽ, 1917ൽ റഷ്യൻ വിപ്ലവത്തിന്റെ വരവോടെ ‘ബൂർഷ്വാ’ കായികവിനോദത്തെ കമ്യൂണിസ്റ്റുകൾ നാടുകടത്തി.

ഒരു നൂറ്റാണ്ടിനു ശേഷം റഷ്യയിൽ ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിനു നീക്കങ്ങൾ നടക്കുമ്പോൾ ഇന്ത്യക്കാരാണു മുൻനിരയിൽ. പരിശീലനത്തിന്റെ ഭാഗമായി റഷ്യൻ ടീമിനെ ഇന്ത്യയിൽ കൊണ്ടുവരാറുണ്ട്. ഇക്കഴിഞ്ഞ മേയിൽ നടന്ന ഗോവ പ്രീമിയർ ലീഗ് ട്വന്റി20 ടൂർണമെന്റിൽ അവർ പങ്കെടുത്തിരുന്നു

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്.

വൃത്താകൃതിയിലുള്ള പുൽ‌മൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ്എന്നു വിളിക്കുന്നു.

കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു.

ബാറ്റ്സ്മാനെ കീഴടക്കി ബോളറുടെ പന്ത്വിക്കറ്റിൽ പതിക്കുകയോ ബാറ്റ്സ്മാൻ അടിക്കുന്ന പന്ത് നിലംതൊടുന്നതിനു മുൻപ് എതിർടീമംഗങ്ങൾ പിടിക്കുകയോ ചെയ്താൽ ബാറ്റ്സ്മാൻ പുറത്താകുന്നു. പുറത്താകുന്ന ബാറ്റ്സ്മാനു പകരം അടുത്തയാളെത്തുന്നു. ഇപ്രകാരം ബാറ്റിങ് ടീമിലെ പത്തു ബാറ്റ്സ്മാന്മാർ പുറത്താകുമ്പോൾ (ഏകദിന ക്രിക്കറ്റിൽഇതു വ്യത്യസ്തമാണ്) അടുത്ത ടീമിന്റെ ഊഴമെത്തുന്നു. ഏറ്റവുമധികം റൺസ് നേടുന്ന ടീം കളിയിൽ ജയിക്കുന്നു. ഇത്രയുമാണ് ക്രിക്കറ്റ് കളിയുടെ രത്നചുരുക്കം.

SHARE