ഏഷ്യ കപ്പ് ക്രിക്കറ്റിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനോടു തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. 91 റൺസിനാണ് ശ്രീലങ്കയെ അഫ്ഗാൻ തകർത്തത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 41.2 ഓവറിൽ 158 റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. ആദ്യ മൽസരത്തിൽ ബംഗ്ലദേശിനോടും ശ്രീലങ്ക തോറ്റിരുന്നു. രണ്ടാം തോൽവിയോടെ ശ്രീലങ്ക ഏഷ്യ കപ്പിൽ നിന്നു പുറത്തായി.

64 പന്തിൽ 36 റണ്‍സെടുത്ത ഉപുൽ തരംഗയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. തരംഗയ്ക്കു പുറമേ ധനഞ്ജയ ഡി സിൽവ (38 പന്തിൽ 23), ഏഞ്ചലോ മാത്യുസ് (39 പന്തിൽ 22), തിസാര പെരേര (36 പന്തിൽ 28) എന്നിവർ മാത്രമാണ് ശ്രീലങ്കൻ നിരയില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി മുജീബുർ റഹ്മാൻ, ഗുൽബദിൻ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ 10 വിക്കറ്റ് നഷ്ടത്തില്‍ 249 റൺസെടുത്തു. റഹ്മത് ഷാ അർധസെഞ്ചുറി നേടി. 90 പന്തിൽ 72 റൺസെടുത്താണു താരം പുറത്തായത്. മുഹമ്മദ്ഷഹ്സാദ് (47 പന്തിൽ 34), ഇഹ്സാനുല്ല (65 പന്തിൽ 45), ഹഷ്മത്തുല്ല ഷാഹിദി (52 പന്തിൽ 37) എന്നിവരും അഫ്ഗാനുവേണ്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കയ്ക്കു വേണ്ടി തിസാര പെരേര അഞ്ച് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ പതിഞ്ഞ താളത്തിലാണു കളി തുടങ്ങിയത്. വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ നിലയുറപ്പിക്കാൻ അഫ്ഗാൻ ഓപ്പണർമാർ ശ്രമിച്ചപ്പോൾ ലങ്കൻ ബൗളിങ് നിര തുടക്കത്തിൽ വിയർത്തു. 57 റണ്‍സെടുത്തു നിൽക്കെയാണ് അവരുടെ ആദ്യ വിക്കറ്റു വീണത് – 47 പന്തിൽ‌ 34 റൺസെടുത്ത മുഹമ്മദ് ഷെഹ്സാദ്. ധനഞ്ജയ സിൽവയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് ഷെഹ്സാദ് പുറത്തുപോയത്. 65 പന്തിൽ 45 റൺസെടുത്ത ഇഹ്സാനുല്ലയും സമാനരീതിയിൽ പുറത്തായി.

ഒരു റൺസ് മാത്രമെടുത്ത് നായകൻ അസ്ഗർ അഫ്ഗാൻ മടങ്ങിയത് ടീമിനു തിരിച്ചടിയായി. സ്കോർ 110–ൽ നില്‍ക്കെ ഷെഹാൻ ജയസൂര്യയുടെ പന്തിൽ അസ്ഗർ എൽബിഡബ്ല്യു ആയി. പിന്നീട് ഹഷ്മത്തുല്ല ഷാഹിദിയെയും കൂട്ടി റഹ്മത് ഷാ നടത്തിയ രക്ഷാപ്രവർത്തനം അഫ്ഗാന്‍ സ്കോർ ഉയർത്തി. എന്നാൽ സ്കോർ 190 ൽ നിൽക്കെ ഷാ പുറത്തായി. ചമീര സിൽവയുടെ പന്തിൽ‌ തിസാര പെരേരയ്ക്ക് ക്യാച്ച് നൽകിയായിരുന്നു പുറത്താകൽ.

തുടര്‍ന്നങ്ങോട്ട് അഫ്ഗാൻ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണുകൊണ്ടിരുന്നു. ഹഷ്മത്തുല്ല ഷാഹിദിയെയും നജീബുല്ല സദ്രാനെയും പെരേര ബൗള്‍‍ഡാക്കിയപ്പോൾ ലസിത് മലിംഗയ്ക്ക് വിക്കറ്റ് നൽകി മുഹമ്മദ് നബി പുറത്തായി. പെരേരയുടെ പന്തിൽ ധനഞ്ജയയ്ക്കു ക്യാച്ച് സമ്മാനിച്ചാണ് ഗുൽബദീൻ നയിബ് പുറത്തായത്.

റാഷിദ് ഖാന്‍, മുജീബുർ റഹ്മാൻ എന്നിവർ പെരേരയുടെ പന്തിൽ ബൗൾഡായി. ഒൻപത് ഓവറിൽ 55 റൺസ് വിട്ടുകൊടുത്താണ് പെരേരയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ശ്രീലങ്കയ്ക്കായി ധനഞ്ജയ സിൽവ രണ്ടു വിക്കറ്റും ലസിത് മലിംഗ, ദുഷ്മന്ത ചമീര, ഷെഹാൻ ജയസൂര്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഏഷ്യാകപ്പ് ഉദ്ഘാടന മൽസരത്തിൽ ശ്രീലങ്ക ബംഗ്ലദേശിനോട് 137 റൺസിനു തോറ്റിരുന്നു.

SHARE