അവസരം രണ്ടുവട്ടം വാതിലിൽ മുട്ടില്ല എന്നു രവീന്ദ്ര ജഡേജയ്ക്കറിയാം! ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതു കൊണ്ടു മാത്രം ടീമിൽ ഇടം കിട്ടിയ ജഡേജ കിട്ടിയ അവസരം പൊന്നാക്കി.

നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെയും മൂന്നു വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ഭുവനേശ്വർ കുമാറിന്റെയും ജസ്പ്രീത് ബുമ്രയുടെയും ഉജ്വല ബോളിങ്ങിൽ ബംഗ്ലദേശിനെ 173 റൺസിനു പുറത്താക്കിയ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കിടിലൻ ബാറ്റിങ് വിജയത്തിലെത്തിച്ചു.

ജ‍ഡേജയാണു മാൻ ഓഫ് ദ് മാച്ച്. ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മൽസരം ജയിച്ച ഇന്ത്യ നാളെ പാക്കിസ്ഥാനെ നേരിടും.

ചെറിയ വിജയലക്ഷ്യത്തിലേക്ക് സാവധാനം ബാറ്റു വീശിയ ഇന്ത്യയ്ക്കായി രോഹിതും ശിഖർ ധവാനും മികച്ച തുടക്കമാണു നൽകിയത്. അർധസെഞ്ചുറിയിലേക്കുള്ള വഴിയിൽ ധവാൻ (40) പുറത്തായെങ്കിലും രോഹിത് കുലുങ്ങിയില്ല. 104 പന്തിൽ 5 ഫോറും 3 വൻ സിക്സറുകളും ഉൾപ്പെടെ രോഹിത് ശർമ നേടിയ 83 റൺസ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെയും അർധസെഞ്ചുറി കടന്നു സ്കോർ ചെയ്ത രോഹിത്  ക്ലാസിക് ഇന്നിങ്സാണു കാഴ്ചവച്ചത്. 37 പന്തിൽ 33 റൺസുമായി രോഹിതിനൊപ്പം 64 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ മഹേന്ദ്രസിങ് ധോണി വിജയത്തിനു തൊട്ടരികെ പുറത്തായി. പക്ഷേ, അപ്പോഴേയ്ക്കും വിജയം ഇന്ത്യയുടെ ക്രീസിലെത്തിയിരുന്നു.

നേരത്തെ, പത്ത് ഓവറിൽ 29 റൺസ് മാത്രം വഴങ്ങിയാണു ജ‍ഡേജ നാലു വിക്കറ്റ് വീഴ്ത്തിയത്. ന്യൂഡൽഹിയിൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുകയായിരുന്ന ജഡേജ ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതിനാലാണ് അവസാന നിമിഷം ഈ മൽസരത്തിനുള്ള ടീമിലെത്തിയത്. തുടക്കത്തിൽ ഭുവനേശ്വറിന്റെയും ബുമ്രയുടെയും പന്തുകൾക്കു മുന്നിൽ പതറിയ ബംഗ്ലദേശ് പിന്നീട് ജഡേജയുടെ പന്തുകൾക്കു മുന്നിൽ മുട്ടിടിച്ചു വീണു.

ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ് ഉജ്വലമാക്കിയ ജഡേജ ഷാക്കിബുൽ ഹസൻ, മുഷ്ഫിഖുർ റഹിം, മുഹമ്മദ് മിഥുൻ, മൊസദ്ദക് ഹുസൈൻ എന്നിവരെയാണ് മടക്കിയത്.

ടോസ് നേടി ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിളിച്ച ഇന്ത്യ തുടക്കത്തിൽ തന്നെ ബംഗ്ലദേശ് ബാറ്റിങിന്റെ തലയറുത്തു. അഞ്ചാം ഓവറിൽ ഓപ്പണർ ലിട്ടൻ ദാസിനെ (ഏഴ്) നഷ്ടമായ ബംഗ്ലദേശ് 18–ാം ഓവറായപ്പോഴേക്കും അഞ്ചിന് 65 എന്ന നിലയിൽ തകർന്നു.

ആറാം വിക്കറ്റിൽ 36 റൺസെടുത്ത മഹ്മദുല്ലയും (21) മൊസദ്ദക് ഹുസൈനുമാണ് (12) ആദ്യം അവരെ രക്ഷിച്ചെടുത്തത്. ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായ ശേഷമായിരുന്നു മൊർത്താസ–മെഹ്‌ദി ഹസൻ കൂട്ടുകെട്ട്.

സ്കോർ ബോർഡ്

ബംഗ്ലദേശ്: ലിട്ടൺ ദാസ് സി കേദാർ ബി ഭുവനേശ്വർ–7, നസ്മുൽ ഹുസൈൻ ഷാന്റോ സി ധവാൻ ബി ബുമ്ര–ഏഴ്, ഷാക്കിബ് സി ധവാൻ ബി ജഡേജ–17, മുഷ്ഫിഖുർ സി ചാഹൽ ബി ജഡേജ–21, മുഹമ്മദ് മിഥുൻ എൽബി ബി ജഡേജ–9, മഹ്മദുല്ല എൽബി ബി ഭുവനേശ്വർ–25, മൊസദദ്ദക് ഹുസൈൻ സി ധോണി ബി ജഡേജ–12, മഷ്റഫെ മൊർത്താസ സി ബുമ്ര ബി ഭുവനേശ്വർ–26, മെഹ്ദി ഹസൻ മിറാസ് സി ധവാൻ ബി ബുമ്ര–42, മുസ്തഫിസുർ റഹ്മാൻ സി ധവാൻ ബി ബുമ്ര–3, റൂബൽ ഹുസൈൻ നോട്ടൗട്ട്–1, എക്സ്ട്രാസ്–3. ആകെ 49.1 ഓവറിൽ 173നു പുറത്ത്.

വിക്കറ്റ് വീഴ്ച: 1–15, 2–16, 3–42, 4–60, 5–65, 6–101, 7–101, 8–167, 9–169, 10–173.

ബോളിങ്: ഭുവനേശ്വർ 10–1–32–3, ബുമ്ര 9.1–1–37–3, ചാഹൽ 10–0–40–0, ജഡേജ 10–0–29–4, കുൽദീപ് യാദവ് 10–0–34–0.

ഇന്ത്യ: രോഹിത് ശർമ നോട്ടൗട്ട് –83, ധവാൻ എൽബി ഷാക്കിബ് –40, റായുഡു സി മുഷ്ഫിഖുർ ബി റൂബൽ –13, ധോണി സി മുഹമ്മദ് മിഥുൻ ബി മൊർതാസ –33, ദിനേഷ് കാർത്തിക് നോട്ടൗട്ട് – ഒന്ന്, എക്സ്ട്രാസ് – നാല്. ആകെ 36.2 ഓവറിൽ മൂന്നിനു 174.

വിക്കറ്റു വീഴ്ച: 1-61, 2-106, 3-170

ബോളിങ്: മഷ്റഫെ മൊർതാസ: 5 –0– 30– 1, മെഹദി ഹസൻ: 10 –0– 38– 0, മുസ്തഫിസുർ റഹ്മാൻ: 7– 0 –40– 0, ഷാക്കിബ് അൽ ഹസൻ: 9.2 –0 –44– 1, റൂബൽ ഹൊസെയ്ൻ: 5– 0 –21 –1

SHARE