ചാംപ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിന് ഇന്ത്യ പകരം വീട്ടി. ഏഷ്യാ കപ്പ് ഗ്രൂപ്പ് എ ലീഗ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് തകർത്തു. ഇന്ത്യയുടെ തകർപ്പൻ ബോളിങ്ങിനു മുന്നിൽ 43.1 ഓവറിൽ 162ന് പുറത്തായ പാക്കിസ്ഥാനെതിരെ 29 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ രോഹിത് ശർമ (52), ശിഖർ ധവാൻ (46) എന്നിവരാണ് പുറത്തായത്. അംബാട്ടി റായിഡുവും ദിനേശ് കാർത്തിക്കും 31 റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു. മൂന്നുവിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മാൻ ഓഫ് ദ് മാച്ച്. കേദാർ ജാദവും 3 വിക്കറ്റ് നേടി.

കഴിഞ്ഞ വർഷം ജൂൺ 18ന് ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയെ 180 റൺസിനു തോൽപിച്ചതിന് ഉശിരൻ മറുപടി പോലെയായി, ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിലെ ഇന്ത്യയുടെ വിജയം. സൂപ്പർ ഫോറിൽ ബംഗ്ലദേശുമായി നാളെയാണ് ഇന്ത്യയുടെ അടുത്ത കളി. 23നു പാക്കിസ്ഥാനെ വീണ്ടും നേരിടും.

അപൂർവമായ ഇന്ത്യ – പാക്ക് മത്സരത്തിന്റെ ആവേശം കളിക്കു മുൻപേ അലയടിച്ച ദുബായ് സ്റ്റേഡിയം ആരാധകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ആവേശകരമായ പോരാട്ടത്തിനാണ് ആരാധകർ കാത്തിരുന്നതെങ്കിലും, ചെറിയ സ്കോറിൽ പാക്കിസ്ഥാനെ ഒതുക്കിയതോടെ വിജയം ഇന്ത്യയുടെ ക്രീസിൽ എത്തിക്കഴിഞ്ഞിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിടത്തു തന്നെ പാക്കിസ്ഥാനു പിഴച്ചു. ഭുവനേശ്വറിന്റെ ആദ്യ ഓവറിൽ ഓപ്പണർ ഇമാം ഉൽ ഹഖ് പുറത്ത്. ബുമ്രയുടെ പന്തുകളുടെ ദിശയറിയാതെ പാക്ക് ബാറ്റ്സ്മാൻമാർ വിയർത്തു. സ്കോർ നാലിൽ എത്തിയപ്പോൾ പാക്കിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. ഫഖർ സമാൻ പൂജ്യനായി മടങ്ങി. തുടർന്നെത്തിയ ശുഐബ് മാലിക്കും ബാബർ അസമും ചേർന്ന് സ്കോർ 85ൽ എത്തിച്ച് പാക്ക് ആരാധകർക്കു പ്രതീക്ഷയേകി. സ്പിന്നർമാരുടെ ഊഴമായിരുന്നു പിന്നീട്. ബാബറിനെ (47) കുൽദീപ് ബോൾഡാക്കി. 43 റൺസെടുത്ത് മാലിക്കിനെ റായിഡു റണ്ണൗട്ടാക്കി. തുടരെ മൂന്നു വിക്കറ്റു വീഴ്ത്തി കേദാർ ജാദവ് പാക്കിസ്ഥാൻ വൻസ്കോർ എടുക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

ഇതിനിടെ ഹാർദിക് പാണ്ഡ്യ നടുവിനു പരുക്കേറ്റ് മൈതാനം വിട്ടു. . 18–ാം ഓവറിലെ അഞ്ചാമത്തെ പന്ത് എറിഞ്ഞശേഷം പിച്ചിലേക്കു വീണ പാണ്ഡ്യയെ സ്ട്രെച്ചറിലാണു പുറത്തെത്തിച്ചത്. നടുവിനാണു പരുക്കെന്നും മെഡിക്കൽ സംഘം വിശദമായ പരിശോധന നടത്തുമെന്നും ബിസിസിഐ പിന്നാലെ പത്രക്കുറിപ്പിൽ അറിയിച്ചു.

പാണ്ഡ്യയ്ക്കു പകരം ഫീൽഡ് ചെയ്യാനെത്തിയ മനീഷ് പാണ്ഡെ തകർപ്പനൊരു ക്യാച്ചിലൂടെ പാക്ക് ക്യാപ്റ്റൻ സർഫറാസിന്റെ ഇന്നിങ്സിനു വിരാമമിട്ടു. എട്ടാം വിക്കറ്റിന് ഫഹീം അഷറഫും മുഹമ്മദ് ആമിറും ചേർന്നെടുത്ത 37 റൺസാണ് വൻതകർച്ചയിൽ നിന്ന് പാക്കിസ്ഥാനെ രക്ഷിച്ചത്.

രണ്ടാം സ്പെല്ലിനെത്തിയ ഭുവനേശ്വറും ബുമ്രയും വാലറ്റത്തെ ചുരുട്ടിക്കെട്ടിയതോടെ നിശ്ചിത ഓവറുകൾ പൂർത്തിയാക്കാനാകാത്ത നാണക്കേടോടെ പാക്കിസ്ഥാൻ ഇന്നിങ്സിന് അന്ത്യമായി. ഭുവനേശ്വർ ഏഴ് ഓവറിൽ 15ന് മൂന്നും കേദാർ ജാദവ് ഒൻപത് ഓവറിൽ 23ന് മൂന്നും വിക്കറ്റെടുത്തു.

ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടിയത് 11 തവണ. ഇന്നലത്തേത് ഉൾപ്പെട ഇന്ത്യ ആറു കളികൾ ജയിച്ചു. പാക്കിസ്ഥാൻ അഞ്ചും. 1997 ഏഷ്യാ കപ്പിൽ കൊളംബോയിൽ നടക്കേണ്ടിയിരുന്ന മൽസരം മഴയും വെളിച്ചക്കുറവും മൂലം ഉപേക്ഷിച്ചു.

∙ സ്കോർബോർഡ്

പാക്കിസ്ഥാൻ: ഇമാം ഉൽ ഹഖ് സി ധോണി ബി ഭുവനേശ്വർ രണ്ട്, ഫഖർ സമാൻ സി ചഹൽ ബി ഭുവനേശ്വർ പൂജ്യം, ബാബർ അസം ബി കുൽദീപ് 47, ശുഐബ് മാലിക് റണ്ണൗട്ട് 43, സർഫറാസ് അഹമ്മദ് സി (പാണ്ഡെ) ബി ജാദവ് ആറ്, ആസിഫ് അലി സി ധോണി ബി ജാദവ് ഒൻപത്, ഷദബ് ഖാൻ സ്റ്റംപ്ഡ് ധോണി ബി ജാദവ് എട്ട്, ഫഹീം അഷറഫ് സി ധവാൻ ബി ബുമ്ര 21, മുഹമ്മദ് ആമിർ നോട്ടൗട്ട് 18, ഹസൻഅലി സി കാർത്തിക് ബി ഭുവനേശ്വർ ഒന്ന്, ഉസ്മാൻ ഖാൻ ബി ബുമ്ര പൂജ്യം, എക്സ്ട്രാസ് ഏഴ്, ആകെ 43.1 ഓവറിൽ 162.

വിക്കറ്റ് വീഴ്ച: 2–1, 3–2, 85–3, 96–4, 100–5, 110–6, 121–7, 158–8, 160–9, 162–10.

ബോളിങ്: ഭുവനേശ്വർ 7–1–15–3, ബുമ്ര 7.1–2–23–2, ഹാർദിക് പാണ്ഡ്യ 4.5–0–24–0, ചാഹൽ 7–0–34–0, കുൽദീപ് 8–0–37–1, റായിഡു 0.1–0–0–0, ജാദവ് 9–1–23–3.

ഇന്ത്യ : രോഹിത് ശർമ ബി ഷദബ് 52, ശിഖർ ധവാൻ സി ബാബർ അസം ബി ഫഹിം 46, അംബാട്ടി റായിഡു 31*, ദിനേഷ് കാർത്തിക് 31*, എക്സ്ട്രാസ് നാല്, ആകെ 29 ഓവറിൽ രണ്ടിന് 163.

വിക്കറ്റു വീഴ്ച: 86–1, 104–2.

ബോളിങ്: മുഹമ്മദ് ആമിർ 6–1–23–0, ഉസ്മാൻ ഖാൻ 4–0–27–0, ഹസൻ അലി 4–0–33–0, ഫഹിം അഷറഫ് 5–0–31–1, ഷഡബ് ഖാൻ 1.3–0–6–1, ഫഖർ സമൻ 6.3–0–25–0, ശുഐബ് മാലിക് 2–0–19–0.

SHARE