ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്, പാക്കിസ്ഥാൻ താരം ഫഖർ സമാൻ എന്നിവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ദേശീയ ടീം ജഴ്സിയിൽ മുഴുവൻ പേരിനു പകരം ചുരുക്കപ്പേരായ ‘ഡികെ’ എന്നെഴുതുന്നതിനാണ് ദിനേഷ് കാർത്തിക്കിനെ ഗാവസ്കർ വിമർശിച്ചത്. ഇന്ത്യയ്ക്കെതിരായ മൽസരത്തിനിടെ തൊപ്പി പിന്നിലേക്ക് തിരിച്ചിട്ട് ബോൾ ചെയ്തതിനാണ് ഫഖർ സമാനെ ഗാവസ്കർ ഉന്നമിട്ടത്.

ഏഷ്യാകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോഴായിരുന്നു കമന്ററി ബോക്സിൽ ഗാവസ്കർ വിമർശന ശരങ്ങൾ തൊടുത്തത്. ദേശീയ ടീം ജഴ്സിയിൽ മുഴുവൻ പേരും എഴുതുന്നതാണ് ഉചിതമെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. പേരിനൊപ്പം ഇനീഷ്യൽ ചേർക്കുന്നതിൽ പ്രശ്നമില്ലെങ്കിലും, ചുരുക്കപ്പേര് ജഴ്സിയിൽ എഴുതുന്നത് അലോസരമുണ്ടാക്കുന്ന നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഡികെ എന്നത് കാർത്തിക്കിന്റെ ചുരുക്കപ്പേരായിരിക്കാം. എങ്കിലും, ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്. മുഴുവൻ പേരു വായിച്ചുതന്നെ ആളുകൾ അദ്ദേഹത്തെ തിരിച്ചറിയുന്നതാണ് എപ്പോഴും ഉചിതം. പേരിനൊപ്പം വേണമെങ്കിൽ അദ്ദേഹത്തിന് ഇനീഷ്യൽസ് ഉപയോഗിക്കാം’ – ഗാവസ്കർ പറഞ്ഞു.

മൽസരത്തിനിടെ ബോൾ ചെയ്യാനെത്തിയ പാക്ക് യുവതാരം ഫഖർ സമാൻ തൊപ്പി തിരിച്ചിട്ട് ബോൾ ചെയ്തതിനെയും ഗാവസ്കർ വിമർശിച്ചു. ദേശീയ ടീം തൊപ്പിയെ അപമാനിക്കുന്നതാണ് സമാന്റെ പ്രവർത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഇന്നിങ്സിലെ 18–ാം ഓവറിലാണ് സമാൻ തൊപ്പി തിരിച്ചിട്ട് ബോൾ ചെയ്തത്.

‘ധരിച്ചിരിക്കുന്നത് ദേശീയ ടീം തൊപ്പിയാണെന്ന് ക്യാപ്റ്റനൊ മറ്റാരെങ്കിലുമോ സമാനെ പറഞ്ഞു ബോധ്യപ്പെടുത്തണം. തൊപ്പി ശരിയായ രീതിയിൽ ധരിക്കുന്നതാണ് അതിന്റെ രീതി. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുമ്പോൾ സമാന് ഈ രീതിയിൽ തൊപ്പി ധരിക്കാം. ഇപ്പോൾ സമാൻ കളിക്കുന്നത് ദേശീയ ടീമിനായാണ്’ – ഗാവാസ്കർ കമന്ററി മധ്യേ അഭിപ്രായപ്പെട്ടു.

എന്തായാലും ഗാവസ്കർ വിമർശനമുന്നയിച്ചതിനു ശേഷം അടുത്ത ഓവറിൽ തൊപ്പി അംപയറിന്റെ കൈകളിലേൽപ്പിച്ചാണ് സമാൻ ബോൾ ചെയ്തത്.

SHARE