ഏഷ്യ കപ്പ് വിജയാരവങ്ങൾ കെട്ടടങ്ങും മുൻപുതന്നെ വിൻഡിസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ നാളെ ഇറങ്ങും. വിരാട് കോഹ്‌ലി ടീമിലേക്കു മടങ്ങിയെത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്യാംപ്. ടെസ്റ്റ് റാങ്കിങ്ങിൽ എട്ടാമതുള്ള വിൻഡീസിനെതിരെ ഒന്നാം നിരയെയല്ല ഇന്ത്യ കളത്തിലിറക്കുന്നത്. എങ്കിലും ഈ പരമ്പരയ്ക്കു തൊട്ടുപിന്നാലെയുള്ള ഓസ്ട്രേലിയൻ പര്യടനത്തിനുള്ള മുന്നൊരുക്കമായാണ് പരമ്പരയെ ഇന്ത്യ കാണുന്നത്.

തോറ്റ ഇന്ത്യയ്ക്ക് ടെസ്റ്റിലെ ഒന്നാം റാങ്ക് നിലനിർത്താൻ രണ്ടു ടെസ്റ്റുകളുള്ള പരമ്പരയിലെ സമ്പൂർണ വിജയം അനിവാര്യമാണ്. വിൻഡീസിനെതിരായ പരമ്പര ഇന്ത്യ 2–0നു തോൽക്കുകയും പാക്കിസ്ഥാനെതിരായെ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 2–0നു സ്വന്തമാക്കുകയും ചെയ്താൽ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനം കൈയടക്കും. നാട്ടിൽ അവസാനം കളിച്ച ടെസ്റ്റിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഇന്നിങ്ങ്സിനും 262 റൺസിനും കീഴടക്കിയിരുന്നു.

മുത്തശ്ശിയുടെ മരണത്തെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ വിൻഡീസ് പേസർ കെമർ റോച്ച് രാജ്കോട്ടിലെ ആദ്യ ടെസ്റ്റിനുണ്ടാകില്ല. ഷാനൽ ഗബ്രിയേലും ജാസൺ ഹോൾഡറും നയിക്കുന്ന പേസ് നിര ഇന്ത്യയെ പൂട്ടുമെന്ന കണക്കുകൂട്ടലിലാണ് വിൻഡീസ് കോച്ച് സ്റ്റ്യുവർട് ലോ. ദേവേന്ദ്ര ബിഷുവാണു ടീമിലെ സ്പിന്നർ.

∙ ബാറ്റിങ്ങിൽ അഴിച്ചുപണി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർന്നടിഞ്ഞ ഓപ്പണിങ് നിരയെ ഇന്ത്യ പാടേ ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യ കപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ശിഖർ ധവാനെ ടീമിൽനിന്നു തഴഞ്ഞതോടെ മൂംബെ യുവരതാരം പൃഥ്വി ഷായ്ക്കാണു നറുക്കു വീണിരിക്കുന്നത്. ഷായെ ടീമിലെടുത്തതിൽ സന്തോഷമുണ്ടെന്നും ആക്രമിച്ചു കളിക്കുന്ന ഷായ്ക്ക് ടീമിലെ സ്ഥാനം അരക്കിട്ടുറുപ്പിക്കാനുള്ള അവസരമാണു പരമ്പരയെന്നും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പറഞ്ഞു.

ആഭ്യന്തര മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച മായങ്ക് അഗർവാളിനെയും ടീമിലെടുത്തിട്ടുണ്ട്. രോഹിത് ശർമയ്ക്കു മുരളി വിജയ്ക്കും ടീമിൽ ഇടമില്ല. ഏഷ്യ കപ്പിലെ ആദ്യ മൽസരത്തിനിടെ പരുക്കേറ്റു പുറത്തായ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും പരമ്പര നഷ്ടമാകും.

∙ ബുമ്രയും ഭുവിയുമില്ലാതെ

പേസ് ബോളർമാരായ ജസ്പ്രിത് ബുമ്രയ്ക്കും ഭുവനേശ്വർ കുമാറിനും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മൽസരത്തിനിടെ പരുക്കേറ്റ ഇഷാന്ത് ശർമയും പരമ്പരയ്ക്കുണ്ടാകില്ല. മുഹമ്മദ് സിറാജും ഷാർദൂൽ ഠാക്കൂറുമാണ് മുഹമ്മദ് ഷമിയും ഉമേഷ് യാദവും നയിക്കുന്ന പേസ്നിരയിലെ പുതുമുഖങ്ങൾ. രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനുമൊപ്പം കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ.

SHARE