ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മൽസരം പോലും കളിക്കാൻ അവസരം ലഭിക്കാതെയാണ് പാതി മലയാളി കൂടിയായ കരുൺ നായർ ഇന്ത്യയിൽ തിരികെയെത്തിയത്. തീർത്തും മോശം പ്രകടനം കാഴ്ചവച്ച ടീം കടുത്ത വിമർശനം നേരിടുമ്പോഴും, വീരേന്ദർ സേവാഗിനു ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ഇന്ത്യൻതാരമായ കരുണിന് ഇംഗ്ലണ്ടിൽ കളിക്കാൻ അവസരം നൽകിയിരുന്നില്ല. അതേസമയം, ഇന്ത്യയിൽനിന്ന് വിളിച്ചുവരുത്തിയ ഹനുമ വിഹാരി ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം നൽകുകയും ചെയ്തു.

ഇതിനു പിന്നാലെ, വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടു മൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ടീമിനു പുറത്തുമായി കരുൺ. ഇംഗ്ലണ്ടിൽ കളിക്കാൻ അവസരം പോലും നൽകാതെയാണ് വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്ന ടീമിൽനിന്ന് കരുണിനെ തഴഞ്ഞത്. ക്രിക്കറ്റ് വിദഗ്ധരെപ്പോലും അമ്പരപ്പിച്ച നീക്കമായിപ്പോയി ഇത്. അതേസമയം, ഇംഗ്ലണ്ടിൽ തുടർച്ചയായി പരാജയപ്പെട്ട താരങ്ങളെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർച്ചയായി അവസരം ലഭിച്ചിട്ടും അതു മുതലാക്കാതിരുന്ന ഓപ്പണർ ശിഖർ ധവാനാണ് പുറത്തായ പ്രമുഖൻ. ഏഷ്യാകപ്പിൽ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച രോഹിത് ശർമയേയും ടീമിലേക്കു പരിഗണിച്ചില്ല.

ഏതാണ്ടു രണ്ടു വർഷം മുൻപാണ് ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ കരുൺ പുറത്താകാതെ 303 റൺസെടുത്തത്. ഇതോടെ, വീരേന്ദർ സേവാഗിനു ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായും കരുൺ മാറി. ഈ സമയത്ത് കമന്റേറ്ററായിരുന്ന രവി ശാസ്ത്രി ഉൾപ്പെടെയുള്ളവർ കരുണിനെ വാനോളം പുകഴ്ത്തിയിരുന്നു.

‘ഈ പ്രകടനത്തിന് കരുണിനു ഞാൻ മുഴുവൻ മാർക്കും നൽകും. 25 ടെസ്റ്റെങ്കിലും കളിച്ചിട്ടുള്ള താരത്തിന്റെ പക്വതയോടെയാണ് കരുൺ ഇന്ന് ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയത്. ആ ഇന്നിങ്സിൽ കരുൺ കാട്ടിയ പക്വതയും ഷോട്ടുകളുടെ വൈവിധ്യവും ശാന്തതയുമെല്ലാം അവിശ്വസനീയമായിരുന്നു. കരുണിനെപ്പോലെ സ്വീപ് ഷോട്ട് കളിക്കുന്ന താരത്തെ കണ്ടിട്ടുണ്ടോ എന്നുതന്നെ സംശയം. റിവേഴ്സ് സ്വീപ്, സ്വീപ്, സ്ലോഗ് സ്വീപ്.. സ്വീപ് ഷോട്ടുകളിൽ കരുൺ പുലർത്തുന്ന ആത്മവിശ്വാസം ഉജ്വലം’ – അന്ന് കമന്റേറ്ററായിരുന്ന ശാസ്ത്രിയുടെ വാക്കുകൾ.

എന്നാൽ, ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് കളിച്ചിട്ടും കരുണിന് പിന്നീട് ദേശീയ ടീമിൽ അധികം അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇതുവരെ കരുൺ കളിച്ചിട്ടുള്ളത് വെറും ആറു ടെസ്റ്റുകൾ മാത്രമാണ്! വിശ്വസിക്കാനാകുമോ? അവസാനമായി ഇന്ത്യൻ ജഴ്സിയിൽ ടെസ്റ്റ് മൽസരം കളിച്ചിട്ട് ഒന്നര വർഷവും പിന്നിട്ടു. ഈ ഇരുപത്തിയാറുകാരന്റെ അവസ്ഥ നേരിട്ടിട്ടുള്ള മറ്റൊരു ഇന്ത്യൻ താരമുണ്ടാകുമോ?

കളിക്കാൻ അവസരം ലഭിക്കാത്തതിനെക്കുറിച്ച് ടീം മാനേജ്മെന്റുമായി സിലക്ടർമാരുമായോ സംസാരമൊന്നും ഉണ്ടായിട്ടില്ലെന്ന് അടുത്തിടെ ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ കരുൺ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരെ പരിശീലന മൽസരം കളിച്ച ബോർഡ് പ്രസിഡന്റ് ഇലവനെ നയിച്ചത് കരുണായിരുന്നു.

അതേസമയം, ഇംഗ്ലണ്ടിൽ കരുൺ നായർക്ക് അവസരം നൽകാത്തതിനെ കുറിച്ച് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോടും പരിശീലകൻ രവി ശാസ്ത്രിയോടും ചോദിക്കണമെന്നായിരുന്നു സിലക്ടർമാരുമായി അടുത്തുനിൽക്കുന്ന കേന്ദ്രങ്ങളുടെ വിശദീകരണം. ടീമിലുണ്ടായിട്ടും കളിപ്പിക്കുന്നില്ലെങ്കിൽ ടീമിലെടുത്തിട്ട് പിന്നെ എന്താണു കാര്യമെന്നും ഇവർ ചോദിക്കുന്നു.

കരുണിന് മതിയായ അവസരം നൽകാത്തതിനെതിരെ മുൻ ഇന്ത്യൻ താരവും ചീഫ് സിലക്ടറുമായിരുന്ന ദിലീപ് വെങ്‌സർക്കാർ രംഗത്തെത്തി. വിൻഡീസിനെതിരായ ടെസ്റ്റ് ടീമിൽനിന്ന് കരുണിനെ ഒഴിവാക്കിയത് കടുത്ത തീരുമാനമായിപ്പോയി. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ കരുൺ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ട് അധികം കാലമായിട്ടില്ല. ഏതു തലത്തിലുള്ള മൽസരത്തിലായാലും ട്രിപ്പിൾ സെഞ്ചുറി നേടുന്നത് നിസാര കാര്യമല്ല. അധികം പേർക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുമില്ല – വെങ്‌സർക്കാർ ചൂണ്ടിക്കാട്ടി.

എന്നിട്ടും കരുണിന് മതിയായ അവസരങ്ങൾ നൽകാൻ ടീം മാനേജ്മെന്റ് തയാറായിട്ടില്ല. പലപ്പോഴു ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാൻ ഇറക്കിയില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കരുൺ ടീമിലുണ്ടായിട്ടും ഇന്ത്യയിൽനിന്ന് വിളിച്ചുവരുത്തിയ ഹനുമ വിഹാരിക്കാണ് അവസരം നൽകിയത്. തീർത്തും മോശം തീരുമാനമായിപ്പോയി ഇത്. മാത്രമല്ല, ഇത് കളിക്കാരന്റെ ആത്മവിശ്വാസത്തെയും ബാധിക്കും. ഇന്ത്യൻ ക്രിക്കറ്റിലെ ‘ജ്ഞാനികൾ’ക്കു മാത്രമേ ഇത്തരമൊരു തീരുമാനത്തിന്റെ സാംഗത്യം വിശദീകരിക്കാനാകൂ. ഈ വിഷയത്തിൽ നടക്കുന്ന കാര്യങ്ങൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ് – വെങ്‌സർക്കാർ കൂട്ടിച്ചേർത്തു.

അതേസമയം, കരുൺ നായരൊഴികെയുള്ള ടീമിലെ എല്ലാ താരങ്ങൾക്കും ഇംഗ്ലണ്ടിൽ കളിക്കാൻ അവസരം നൽകിയതായി മുൻ ഇന്ത്യൻ താരവും ബംഗ്ലദേശിന്റെ ബോളിങ് പരിശീലകനുമായ സുനിൽ ജോഷി ചൂണ്ടിക്കാട്ടി. നന്നായി കളിച്ചവർക്കും കളിക്കാത്തവർക്കുമെല്ലാം നിർബാധം അവസരം നൽകി. മതിയായ അവസരം പോലും നൽകാതെ ഒരു താരത്തെ ഇങ്ങനെ തഴയുമ്പോൾ അയാൾ കരുതേണ്ടത് എന്താണ്? സിലക്ടർമാരും ക്യാപ്റ്റനും പരിശീലകനും കരുണിനോടു മറുപടി പറയാൻ ബാധ്യസ്ഥരാണ്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ എന്തുകൊണ്ട് അവസരം നൽകിയില്ലെന്ന് സിലക്ടർമാർ പറയണം. കരുണിനെ തഴഞ്ഞ് വിഹാരിയെ തിരഞ്ഞെടുക്കാനുള്ള കാരണം വിശദീകരിക്കണം. വിഹാരിയോട് എനിക്കു പ്രശ്നമൊന്നുമില്ല. എങ്കിലും കരുൺ നായർ ഒഴികെയുള്ള എല്ലാ താരങ്ങൾക്കും ഇംഗ്ലണ്ടിൽ അവസരം നൽകിയിട്ടും താരത്ത പരിഗണിക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അറിയാനുള്ള അവകാശം കരുണിനുണ്ട്. – ജോഷി ചൂണ്ടിക്കാട്ടി.

SHARE