കാത്തിരിക്കാൻ വിരാട് കോഹ്‍ലി ഒട്ടുമേ തയാറായിരുന്നില്ല. വെസ്റ്റ് ഇൻ‌ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുമ്പോൾ 10,000 റൺസ് പൂർത്തിയാക്കാൻ 221 റൺസ് കൂടി വേണ്ടിയിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ, രണ്ടാമത്തെ മൽസരത്തിൽത്തന്നെ ആ നാഴികക്കല്ലു പിന്നിട്ടു. അതും റെക്കോർഡ് വേഗത്തിൽ. ഏകദിനത്തിലെ 37–ാം സെഞ്ചുറിയിലേക്കെത്തിയ പ്രകടനത്തിന്റെ ബലത്തിൽ, 10,000 റൺസ് ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി കോഹ്‍ലി മാറി. ഏറ്റവും ഒടുവിൽ 10,000 റൺസ് ക്ലബ്ബിലെത്തിയ മഹേന്ദ്രസിങ് ധോണിയെ ഒരറ്റത്ത് സാക്ഷി നിർത്തിയാണ് കോഹ്‍ലി ചരിത്രനേട്ടം സ്വന്തമാക്കിയത്. മൽസരത്തിലാകെ 157 റൺസുമായി പുറത്താകാതെ നിന്ന കോഹ്‍ലി, ആകെ റൺനേട്ടം 10,076ൽ എത്തിച്ചു.

 

 

വിശാഖപട്ടണത്തു നടക്കുന്ന മൽസരത്തിൽ 40 റൺസിനിടെ രോഹിതിനെയും ധവാനെയും നഷ്ടമായി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ റായുഡുവിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കോഹ്‍ലി കരകയറ്റി. മൂന്നാം വിക്കറ്റിൽ കോഹ്‍ലി–റായുഡു സഖ്യം 139 റൺസ് കൂട്ടിച്ചേർത്തു. 80 പന്തിൽ എട്ടു ബൗണ്ടറി സഹിതം 73 റൺസുമായി റായുഡു പുറത്തായശേഷം, ധോണിയെ കൂട്ടുപിടിച്ച് റെക്കോർഡ് പിന്നിട്ടു. ഏകദിനത്തിലെ 37–ാം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്‍ലി, 81 റൺസ് പിന്നിട്ടപ്പോഴാണ് 10,000 റൺസ് ക്ലബ്ബിലെത്തിയത്. മൽസരത്തിലാകെ 130 പന്തുകൾ നേരിട്ട കോഹ്‍ലി, 13 ബൗണ്ടറിയും നാലു സിക്സും സഹിതം 157 റൺസെടുത്ത് പുറത്താകാതെ നിന്നു. കോഹ്‍ലിയുെട ഒറ്റയാൾ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ വിൻഡീസിനു മുന്നിൽ 322 റൺസ് വിജയലക്ഷ്യവും ഉയർത്തി.

213 ഏകദിനങ്ങളിലായി 205–ാം ഇന്നിങ്സിലാണ് കോഹ്‍ലി 10,000 റൺസ് പിന്നിട്ടത്. ഇതോടെ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ലു പിന്നിടുന്ന താരമായും കോഹ്‍ലി മാറി. 259 ഇന്നിങ്സുകളിൽനിന്നു 10,000 റൺസ് തികച്ച സച്ചിൻ തെൻഡുൽക്കറുടെ പേരിലുള്ള റെക്കോർഡാണ് വഴിമാറിയത്. അതായത് ഈ നാഴികക്കല്ലിലേക്ക് കോഹ്‍ലിക്കു വേണ്ടിവന്നത് സച്ചിനേക്കാൾ 54 ഇന്നിങ്സുകൾ കുറവ്! 36 സെഞ്ചുറിയും 49 അർധസെഞ്ചുറിയുമാണ് റെക്കോർഡ് പിന്നിടുമ്പോൾ കോഹ്‍ലിയുടെ പേരിലുള്ളത്. സൗരവ് ഗാംഗുലി 263 ഇന്നിങ്സിൽ നിന്നാണ് പതിനായിരം തികച്ചത്. ഓസ്ട്രേലിയയുടെ റിക്കിപോണ്ടിങ് 266 ഇന്നിങ്സിൽ നിന്നും.

ഏകദിനത്തിൽ 10,000 റൺസ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് കോഹ്‍ലി. എല്ലാ രാജ്യക്കാരെയും പരിഗണിച്ചാൽ പതിമൂന്നാമനും. സച്ചിൻ തെൻഡുൽക്കർ (463 മൽസരങ്ങളിൽനിന്ന് 18,426 റൺസ്), സൗരവ് ഗാംഗുലി (311 മൽസരങ്ങളിൽനിന്ന് 11,363), രാഹുൽ ദ്രാവി‍ഡ് (344 മൽസരങ്ങളിൽനിന്ന് 10,889), മഹേന്ദ്രസിങ് ധോണി (329 മൽസരങ്ങളിൽനിന്ന് 10,124) എന്നിവരാണ് കോഹ്‍ലിക്കു മുൻപേ ഈ നാഴികക്കല്ലു താണ്ടിയവർ. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ ഇനി കോഹ്‍ലിക്കു മുന്നിൽ ധോണി മാത്രമേയുള്ളൂ.

കുമാർ സംഗക്കാര (404 മൽസരങ്ങളിൽനിന്ന് 14,234), റിക്കി പോണ്ടിങ് (375 മൽസരങ്ങളിൽനിന്ന് 13,704), സനത് ജയസൂര്യ (445 മൽസരങ്ങളിൽനിന്ന് 13,430), മഹേള ജയവർധനെ (448 മൽസരങ്ങളിൽനിന്ന് 12,650), ഇൻസമാം ഉൾ ഹഖ് (378 മൽസരങ്ങളിൽനിന്ന് 11,739), ജാക്വസ് കാലിസ് (328 മൽസരങ്ങളിൽനിന്ന് 11,579), ബ്രയാൻ ലാറ (299 മൽസരങ്ങളിൽനിന്ന് 10,405), തിലകരത്നെ ദിൽഷൻ (330 മൽസരങ്ങളിൽനിന്ന് 10,290) എന്നിവരാണ് 10,000 റൺസ് ക്ലബ്ബിലുള്ള മറ്റു താരങ്ങൾ.

അതിനിടെ മറ്റൊരു റെക്കോർഡും കോഹ്‍ലിയെ തേടിയെത്തി. വിശാഖപട്ടണം വൈഎസ്ആർ സ്റ്റേഡിയത്തിൽ തുടർച്ചയായ അഞ്ചാം തവണയാണ് കോഹ്‍ലി 50 പിന്നിടുന്നത്. ഇതോടെ ഒരേ വേദിയിൽ തുടർച്ചയായി കൂടുതൽ തവണ 50 കടന്നവരുടെ കൂട്ടത്തിൽ കോഹ്‍ലി മൂന്നാം സ്ഥാനത്തെത്തി. കറാച്ചിയിൽ ഏഴു മൽസരങ്ങളിൽ തുടർച്ചയായി 50 പിന്നിട്ട പാക് താരം മുഹമ്മദ് യൂസഫാണ് ഇക്കാര്യത്തിൽ മുന്നിൽ. ഷാർജയിൽ ആറു തവണ തുടർച്ചയായി 50 കടന്ന പാക്കിസ്ഥാന്റെ തന്നെ ജാവേദ് മിയാൻദാദ് രണ്ടാമതുണ്ട്. കോഹ്‍ലിക്കൊപ്പം അഞ്ചു തവണ ഒരേ വേദിയിൽ 50 പിന്നിട്ട മൂന്നു പേർ കൂടിയുണ്ട്. റിക്കി പോണ്ടിങ് (എംസിജി), യൂനിസ് ഖാൻ (കറാച്ചി), ബ്രണ്ടൻ ടെയ്‌ലർ (ഹരാരെ) എന്നിവരാണ് അവർ.

ഇതിനു പിന്നാലെ ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും കോഹ്‍ലി മാറി. വെറും 11 ഇന്നിങ്സുകളിൽനിന്ന് 1046 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. അതും 149.42 റൺസ് എന്ന കൂറ്റൻ ശരാശരിയുടെ അകമ്പടിയോടെ. 22 ഇന്നിങ്സുകളിൽനിന്ന് 46.59 റൺസ് ശരാശരിയിൽ 1025 റൺസെടുത്ത ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയെയാണ് അതിന്റെ പകുതി മാത്രം ഇന്നിങ്സുകൊണ്ട് കോഹ്‍ലി പിന്തള്ളിയത്. മാത്രമല്ല, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പിന്നിടുന്ന താരമായി കോഹ്‍ലി മാറി. 15 ഇന്നിങ്സുകളിൽനിന്ന് 1000 കടന്ന് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുമായി പങ്കുവച്ചിരുന്ന സ്വന്തം റെക്കോർഡാണ് കോഹ്‍ലി തിരുത്തിയത്.

SHARE