‘സഹോദരന്’ കണ്ണീരണിഞ്ഞ കുറിപ്പെഴുതി വിരാട് കോഹ്ലി

ക്രിക്കറ്റ് ലോകത്തെ മൊത്തം അമ്പരപ്പിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

സമകാലിക ക്രിക്കറ്റില്‍ കളിമികവ് കൊണ്ട് കോടിക്കണക്കിന് ആരാധകരാണ് എബിഡിയ്ക്കുള്ളത്. എതിരാളികള്‍ക്ക് എന്നും പേടിസ്വപ്‌നമായിരുന്ന താരം കളി മതിയാക്കാനുള്ള സമയം ഇതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പാഡഴിക്കല്‍ പ്രഖ്യാപിച്ചത്.
അടുത്ത തലമുറയ്ക്ക് കഴിവ് തെളിയിക്കാന്‍ മാറിക്കൊടുക്കുകയാണെന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു. പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനെതിരേ 2004ല്‍ അന്താരാഷ്ട്ര കരിയര്‍ അരങ്ങേറ്റം കുറിച്ച താരം 14 വര്‍ഷത്തോളം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നെടും തൂണായിരുന്നു.
അതേസമയം, വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ എന്ന പോലെ തന്നെ ക്രിക്കറ്റ് താരങ്ങളെയും അമ്പരപ്പിച്ചിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള മുന്‍ താരങ്ങളും നിലവില്‍ മാറ്റുരയ്ച്ചുകൊണ്ടിരിക്കുന്ന താരങ്ങളും താരത്തിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഡിവില്ലിയേഴ്‌സിനെ ആരാധകര്‍ സ്വന്തം താരമെന്ന രീതിയിലാണ് ബഹുമാനിച്ച് പോന്നിരുന്നത്.
പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുമായി ഡിവില്ലിയേഴ്‌സിന് മികച്ച സൗഹൃദവുമുണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരേ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്ന ഇരുവരും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ അഭിമാനമായിരുന്നു. ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ കോഹ് ലിയും അദ്ദേഹത്തിന് ആശംസയര്‍പ്പിച്ചു.

സഹോദരന്‍ എന്ന് അഭിസംബോധന ചെയ്താണ് കോഹ് ലി ട്വിറ്ററില്‍ ഡിവില്ലിയേഴ്‌സിന് വിശ്രമജീവിതം ആശംസിച്ചത്. കളിക്കളത്തില്‍ ബാറ്റിങ്ങിന് പുതിയ സമവാക്യങ്ങള്‍ ചേര്‍ത്ത താങ്കള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കുറിച്ചു. ബാംഗ്ലൂർ ടൂർണമെന്റിൽ നിന്നും പുറത്തായത്തിന് പിന്നാലെയായിരുന്നു ഡിവില്ലേഴ്‌സിന്റെ ഞെട്ടിക്കൽ വിരമിക്കൽ പ്രഖ്യാപനം

SHARE