കരിയറിലെ രണ്ടാം ടെസ്റ്റ് ഇന്നിങ്സിന് ട്വന്റി20യുടെ വേഗം സമ്മാനിച്ച് യുവതാരം പൃഥ്വി ഷാ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും അർധസെഞ്ചുറിയിൽ. 39 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ഷാ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി പിന്നിട്ടത്. രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോൾ 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഷാ 52 റൺസോടെയും ചേതേശ്വർ പൂജാര ഒൻപതു റൺസോടെയും ക്രീസിൽ. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 311 റൺസിനേക്കാൾ 231 റൺസ് പിന്നിലാണ് ഇന്ത്യ.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മികവു വീണ്ടെടുക്കാനാകാതെ പോയ ഓപ്പണർ ലോകേഷ് രാഹുലാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ രാഹുലിന്റെ ടീമിലെ സ്ഥാനം തുലാസിലായി. 25 പന്തിൽ നാലു റൺസ് മാത്രം നേടിയ രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബൗൾഡാക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ രാഹുൽ–ഷാ സഖ്യം 61 റൺസ് കൂട്ടിച്ചേർത്തെങ്കിലും അതിൽ രാഹുലിന്റെ സംഭാവന നാലു റൺസ് മാത്രം.

അതേസമയം, രാജ്കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ പതിനെട്ടുകാരൻ പൃഥ്വി ഷാ സെഞ്ചുറിയുമായി വരവറിയിച്ചിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയ ഷാ കളിയിലെ കേമനുമായി. രാജ്കോട്ടിൽ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നിരുന്നില്ല. ഇതിനു പിന്നാലെയാണ് ഹൈദരാബാദിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും ഷാ അർധസെഞ്ചുറി പിന്നിട്ടത്. ഇക്കുറി ഇരട്ടി ആത്മവിശ്വാസത്തോടെയായിരുന്നു ഷായുടെ ബാറ്റിങ്. മറുവശത്ത് സഹ ഓപ്പണർ ലോകേഷ് രാഹുൽ ഫോം കണ്ടെത്താനാകാതെ ഉഴറുമ്പോഴായിരുന്നു ഷായുടെ ഉജ്വല ബാറ്റിങ് പ്രകടനം.

ചേസിന്റെ സെഞ്ചുറിക്കരുത്തിൽ വിൻഡീസ്

നേരത്തെ, ആറു വിക്കറ്റ് സ്വന്തമാക്കിയ ഉമേഷ് യാദവിന്റെ മികവിൽ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് ഇന്ത്യ 311 റൺസിൽ അവസാനിപ്പിച്ചിരുന്നു. റോസ്റ്റൺ ചേസിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിനത്തിലെ ആദ്യ ഹൈലൈറ്റ്. തലേന്ന് 98 റൺസുമായി പുറത്താകാതെ നിന്ന ചേസ്, രണ്ടാം ദിനം തുടക്കത്തിൽത്തന്നെ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ, ഏഴു വിക്കറ്റിന് 295 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിൻഡീസിന്റെ മൂന്നു താരങ്ങളെയും പുറത്താക്കിയ യാദവ് ആറു വിക്കറ്റ് പോക്കറ്റിലാക്കി. ദേവേന്ദ്ര ബിഷൂ (20 പന്തിൽ രണ്ട്), റോസ്റ്റൻ ചേസ് (189 പന്തിൽ 106), ഗബ്രിയേൽ (പൂജ്യം) എന്നിവരാണ് രണ്ടാം ദിനം യാദവിനു മുന്നിൽ കീഴടങ്ങിയത്. ടെസ്റ്റിൽ ഇതു രണ്ടാം തവണ മാത്രമാണ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

ഒന്നാം ദിനം കുൽദീപ് യാദവിന്റെ പന്തുകൾക്കു മുന്നിൽ മുൻനിര തകർന്നടിഞ്ഞെങ്കിലും റോസ്റ്റൻ ചേസിന്റെ പോരാട്ടമാണ് വിൻഡീസിനെ കൈപിടിച്ചുയർത്തിയത്. പരുക്കു മാറി ടീമിലേക്കു മടങ്ങിയെത്തിയ നായകൻ ജേസൺ ഹോൾഡർ (52) ചേസിനു മികച്ച പിന്തുണ നൽകി. നവംബറിലെ ഓസ്ട്രേലിയൻ പര്യടനം മുന്നിൽക്കണ്ടു യുവ പേസർ ഷാർദൂൽ ഠാക്കൂറിനെ പരീക്ഷിച്ച ഇന്ത്യയുടെ കണക്കുകൂട്ടലുകൾ നാലാം ഓവറിൽത്തന്നെ പിഴച്ചു. ബോളിങ്ങിനിടെ തുടയ്ക്കു പരുക്കേറ്റ് മുടന്തിക്കൊണ്ടു കളംവിട്ട ഷാർദൂലിനു പിന്നീടു പന്തെറിയാനായില്ല.

എന്നാൽ, ഷാർദൂലിന്റെ അഭാവം മുതലാക്കാൻ വിൻഡീസ് മുൻനിരയ്ക്കു കഴിഞ്ഞില്ല. 11–ാം ഓവറിൽ പവലിനെ (22) ജഡേജയുടെ കൈകളിലെത്തിച്ച അശ്വിൻ ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. കുൽദീപിന്റെ ഗൂഗ്ലിയിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ബ്രാത്ത്‌വൈറ്റും (14) മടങ്ങി. മികച്ച തുടക്കം ലഭിച്ച ഹോപ്പിനെ (36) ഉമേഷ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ വിൻഡീസ് വീണ്ടും അപകടം മണത്തു.

ആദ്യ ദിനം ലഞ്ചിനുശേഷം ഹെറ്റ്മയറിനെയും ആംബ്രിസിനെയും കുൽദീപ് വീഴ്ത്തിയതോടെ അഞ്ചിനു 113 എന്ന നിലയിൽ തകർന്ന വിൻഡീസിനെ ചേസ് – ഡോവ്രിച്ച് സഖ്യം കരയ്ക്കടുപ്പിക്കുന്നതാണു പിന്നീടു കണ്ടത്. ആറാം വിക്കറ്റിൽ 69 റൺസ് ചേർത്ത കൂട്ടുകെട്ട് ഉമേഷ് പൊളിച്ചു. റിവ്യുവിലൂടെയാണ് ഡ്രോവിച്ചിനെതിരെ (30) എൽബി വിധി സ്വന്തമാക്കിയത്. എന്നാൽ, പിന്നീടു ഹോൾഡർ ക്രീസിലെത്തിയതോടെയാണു കഥ മാറുന്നത്. അശ്വിനെതിരെ കരുതലോടെ കളിച്ച സഖ്യം ജഡേജയുടെയും കുൽദീപിന്റെയു മോശം പന്തുകളെ തിരഞ്ഞുപിടിച്ച് അതിർത്തി കടത്തി.

സെഞ്ചുറി കൂട്ടുകെട്ടു തികച്ച സഖ്യം (104 റൺസ്) വിൻഡീസിനു മികച്ച സ്കോർ സമ്മാനിക്കുമെന്നു തോന്നിച്ചെങ്കിലും ആദ്യദിനം അവസാനിക്കാൻ അര മണിക്കൂർ ബാക്കിയുള്ളപ്പോൾ‌ ഉമേഷിന്റെ ഷോട്ട് ബോൾ ഉയർത്തി അടിക്കാനുള്ള ഹോൾഡറുടെ ശ്രമം വിക്കറ്റ് കീപ്പർ‌ പന്തിന്റെ ഗ്ലൗസിൽ അവസാനിച്ചു. രണ്ടാം ദിനം തുടക്കത്തിൽത്തന്നെ റോസ്റ്റൺ ചേസ് സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ ചേസ് ഉൾപ്പെടെ മൂന്നു താരങ്ങളും ഉമേഷ് യാദവിനു മുന്നിൽ കീഴടങ്ങിയതോടെ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 311 ന് പുറത്ത്.

SHARE