ഓരോ തവണ സെഞ്ചുറി തൊടുമ്പോഴും റെക്കോർഡ് ബുക്കിൽ അഞ്ചിടത്തെങ്കിലും പേരും ചേർക്കും കോഹ്‍ലി. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കരിയറിലെ 24–ാം സെഞ്ചുറി പൂർത്തിയാക്കുമ്പോഴും ആ പതിവിനു മാറ്റമില്ല. വെസ്റ്റ് ഇൻഡീസിനെതിരായ സെഞ്ചുറിയോടെ ഈ കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ 1000 റൺസ് പിന്നിടുന്ന ആദ്യ താരമായി കോഹ്‍ലി മാറി. വിൻഡീസിനെതിരെ 139 റൺസിനു പുറത്തായ കോഹ്‍ലിക്ക് ഈ കലണ്ടർ വർഷം ഇതുവരെ 1018 റൺസായി.

17 ഇന്നിങ്സുകളിൽനിന്ന് നാലു വീതം സെഞ്ചുറിയും അർധസെഞ്ചുറിയും സഹിതം 58.84 റൺസ് ശരാശരിയിലാണ് കോഹ്‍ലിയുടെ നേട്ടം. 18 ഇന്നിങ്സുകളിൽനിന്ന് 719 റൺസുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് രണ്ടാമതും അത്ര തന്നെ ഇന്നിങ്സുകളിൽനിന്ന് 660 റൺസുമായി ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മർക്രം മൂന്നാമതും നിൽക്കുന്നു. 16 ഇന്നിങ്സുകളിൽനിന്ന് 499 റൺസ് നേടിയ ചേതേശ്വർ പൂജാരയാണ് ഇന്ത്യൻ താരങ്ങളിൽ രണ്ടാമത്.
ഏറ്റവും കുറച്ച് ഇന്നിങ്സുകളിൽനിന്ന് 24 സെഞ്ചുറി പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്‍ലി. സച്ചിൻ തെൻഡുൽക്കറിനെയാണ് കോ‍ഹ്‍ലി ഇക്കാര്യത്തിൽ പിന്നിലാക്കിയത്. സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ് ഇക്കാര്യത്തിൽ മുൻപൻ. വെറും 66 ഇന്നിങ്സുകളിൽനിന്ന് ബ്രാഡ്മാൻ 24 ടെസ്റ്റ് സെഞ്ചുറികൾ പൂർത്തിയാക്കിയപ്പോൾ, രണ്ടാം സ്ഥാനം സ്വന്തമാക്കിയ കോഹ്‍ലിക്ക് ഈ നേട്ടത്തിലേക്ക് 123 ഇന്നിങ്സുകൾ വേണ്ടിവന്നു. സച്ചിൻ 125 ഇന്നിങ്സുകളിൽ നിന്നാണ് 24 ടെസ്റ്റ് സെഞ്ചുറികൾ പൂർത്തിയാക്കിയത്. സുനിൽ ഗാവസ്കർ (128), മാത്യു ഹെയ്ഡൻ (132) എന്നിവർ പിന്നിലുണ്ട്.

അർധസെഞ്ചുറികൾ സെഞ്ചുറിയിലേക്ക് എത്തിക്കുന്നതിൽ ഓസീസ് ഇതിഹാസ താരം ഡോൺ ബ്രാഡ്മാന് മാത്രം പിന്നിലാണ് കോഹ്‍ലി. ടെസ്റ്റ് ക്രിക്കറ്റിൽ ഇരുപതിലേറെ സെഞ്ചുറികൾ നേടിയ 44 താരങ്ങളിൽ, ഇരുപതിൽ താഴെ അർധസെഞ്ചുറിയുള്ള താരങ്ങൾ ബ്രാഡ്മാനും കോഹ്‍ലിയും മാത്രമാണ്. ബ്രാഡ്മാന് 13 അർധസെഞ്ചുറിയും കോഹ്‍ലിക്ക് 19 അർധസെഞ്ചുറിയുമാണുള്ളത്. അതായത് നേടിയ അർധസെഞ്ചുറികളിൽ കൂടുതലും ഇരുവരും സെഞ്ചുറികളാക്കി രൂപാന്തരപ്പെടുത്തി.

ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായും കോഹ‍്‍ലി മാറി. ഇന്ത്യയെ നയിക്കുമ്പോൾ കോഹ്‍ലിയുടെ 17–ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രെയിം സ്മിത്ത് (25), ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ് (19) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു മുന്നിലുള്ളത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരവും കോഹ്‍ലി തന്നെ. സച്ചിൻ െതൻഡുൽക്കർ (51), രാഹുൽ ദ്രാവിഡ് (36), സുനിൽ ഗാവസ്കർ (34) എന്നിവർ മാത്രമാണ് ഇനി കോഹ്‍ലിക്കു മുന്നിലുള്ളത്. ഏറ്റവും കൂടുതൽ കലണ്ടർ വർഷത്തിൽ ഏഴോ അതിലധികമോ സെഞ്ചുറികൾ നേടിയിട്ടുള്ള താരമായും കോഹ്‍ലി മാറി. ഇക്കാര്യത്തിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനൊപ്പമെത്തി കോഹ്‍ലി. ഇത് അഞ്ചാം തവണയാണ് ഒരു കലണ്ടർ വർഷത്തിൽ കോഹ്‌ലി ഏഴ് സെഞ്ചുറി പിന്നിടുന്നത്. 2012, 2014, 2016, 2017 വർഷങ്ങളിലും കോഹ്‍ലി ഏഴു സെഞ്ചുറികൾ നേടി.

സച്ചിൻ തെൻഡുൽക്കർ 1996, 1998, 1999, 2001, 2010 വർഷങ്ങളിലാണ് ഏഴോ അതിലധികമോ രാജ്യാന്തര സെഞ്ചുറികൾ നേടിയിട്ടുള്ളത്. ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ് (2002, 03, 05, 06), സ്റ്റീവ് സ്മിത്ത് (2014, 15, 16, 17) എന്നിവർ നാലു കലണ്ടർ വർഷങ്ങളിൽ ഏഴോ അതിലധികമോ സെഞ്ചുറി നേടിയിട്ടുണ്ട്. ഇരുപത് വ്യത്യസ്ത മൈതാനങ്ങളിൽ സെഞ്ചുറി നേടിയ താരമെന്ന നേട്ടവും കോഹ്‍ലിക്കു സ്വന്തം. ഇന്ത്യയിൽ മാത്രം പത്താമത്തെ വേദിയിലാണ് കോഹ്‍ലി സെഞ്ചുറി പിന്നിടുന്നത്.

SHARE