ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ നടന്ന ഏഷ്യാ കപ്പില്‍ നായകന്‍ വിരാട് കോലി ഇല്ലാതെയാണ് ടീം ഇന്ത്യ പങ്കെടുത്തത്.
കോലിയെ മാറ്റി നിര്‍ത്തിയതിനെതിരേ മുന്‍ താരങ്ങളില്‍ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പലരും കോലിയെ മാറ്റിനിര്‍ത്തിയതിന് കാരണം അന്വേഷിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കോലി എന്തുകൊണ്ട് ഏഷ്യാ കപ്പില്‍ കളിച്ചില്ല എന്നതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.
വിരാടിന് ഈ വിശ്രമം ആവശ്യമായിരുന്നു. ശാരീരികമായി അദ്ദേഹം ഒരു കാളക്കൂറ്റനെപോലെയാണ്. അയാളെ കളിക്കളത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത് ദുഷ്‌കരമായ കാര്യമാണ്. ശാരീരിക ക്ഷമത വിരാടിന് ഒരു പ്രശ്നമല്ല. കളിക്കുമ്പോള്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്ന താരമാണ് വിരാട്. അതുകൊണ്ടു തന്നെ മാനസികമായ ക്ഷീണം ഒഴിവാക്കാനായാണ് കോലിയെ മാറ്റി നിര്‍ത്തിയതെന്ന് ശാസ്ത്രി വ്യക്തമാക്കി.

ക്രിക്കറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ മനസിനെ മാറ്റിനിര്‍ത്തി കൂടുതല്‍ ഊര്‍ജ്വലതയോടെ തിരിച്ചെത്താന്‍ പ്രാപ്തനാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
ഇൗ രീതി മറ്റുകളിക്കാരിലും തുടരുമെന്നും ശാസ്ത്രി പറഞ്ഞു. ജസ്പ്രീത് ബുംറയേയും ഭുവനേശ്വര്‍ കുമാറിനേയും വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നതും ഇതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാ കപ്പില്‍ പുറത്തിരുന്ന കോലി വിന്‍ഡീസിനെതിരായ പരമ്പരയില്‍ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തും.

SHARE