അവിശ്വസനീയം ചുരുങ്ങിയത് 50 ടെസ്റ്റ് കളിച്ച ബാറ്റ്സ്മാന്റെ ശരീരഭാഷയോടെയായിരുന്നു ഷായുടെ ബാറ്റിങ്, ഈ മികവു തുടർന്നാൽ ദീർഘകാലം ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം ഇവനുണ്ടാകും,’ ഇന്ത്യൻ ക്രിക്കറ്റ് സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് കന്നി ടെസ്റ്റിൽ ഷായുടെ സെഞ്ചുറി നേട്ടത്തിനു ശേഷം പ്രതികരിച്ചതിങ്ങനെ. ശിഖർ ധവാനു പകരം ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക എന്നതു ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമാണ്. എന്നാൽ ആ വെല്ലുവിളികൾക്കൊപ്പം നിറഞ്ഞിരിക്കുന്ന സാധ്യതകളുടെ ജാലകത്തിലേക്കായിരുന്നു മുംബൈയിൽനിന്നുള്ള ഈ പതിനെട്ടുകാരന്റെ കണ്ണ്.

സാങ്കേതികത്തികവാർന്ന ഷോട്ടുകൾ, മികച്ച ഫുട്‌വർക്ക്, പേസ് ബോളർമാർക്കെതിരെയും സ്പിന്നർമാർക്കെതിരെയും വ്യത്യസ്ത ടെക്നിക്. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റ മൽസരത്തിൽ സെഞ്ചുറിയടിച്ച ഷാ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ സെഞ്ചുറിയോടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഫ്രണ്ട് ഫുട് ഡ്രൈവ് പായിച്ചിരിക്കുകയാണിപ്പോൾ.

തീഷ്ണ യുവത്വം

2013 ഡിസംബറിൽ മുബൈയിലെ ഹൈസ്കൂൾ ക്രിക്കറ്റ് മൽസരത്തിൽ 546 റൺസടിച്ച പതിനാലുകാരൻ പയ്യൻ മുബൈ അണ്ടർ 16 ടീം നായകനായി ഉദിച്ചുയരാൻ അധികം താമസെമെടുത്തില്ല.  പ്രതിഭാ സ്പർശത്തിനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും അജിങ്ക്യ രഹാനെയുടെയും മാർഗനിർദേശങ്ങളും കൂടിയാകുമ്പോൾ ഷാ എന്ന ബാറ്റ്സ്മാന്റെ ഇപ്പോഴത്തെ രൂപമായി.

രഞ്ജി ട്രോഫിയിലെയും ദുലീപ് ട്രോഫിയിലെയും മികച്ച പ്രകടനത്തിന് 2018 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നായകസ്ഥാനവും ഷായെ തേടിയെത്തി. കലാശക്കളിയിൽ ഓസ്ട്രിലിയയെ എട്ടു വിക്കറ്റിനു തകർത്ത് കിരീടവുമായി നാട്ടിലത്തിയതോടെ ഷാ സ്റ്റാറായി. ടൂർണമെന്റിലെ 6 കളിയിൽ 65.25 ശരാശരിയിൽ ഷാ സ്വന്തമാക്കിയത് 261 റൺസ്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.

ഐപിഎൽ, ഇന്ത്യ

2018 ലോകകപ്പിനു പിന്നാല ഐപിഎൽ ടീം ഡൽഹി ഡെയർഡെവിൾസ് ഒരു കോടി 20 ലക്ഷം മുടക്കിയാണു ഷായെ സ്വന്തമാക്കിയത്. ഒൻപതു കളിയിൽ നേടിയ 245 റൺസോടെ ആദ്യ സീസൺ തന്നെ ഷാ അവിസ്മരണീയമാക്കി. ഐപിഎല്ലിൽ അർധ സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരത്തിനുള്ള റെക്കോർഡും ഷാ സ്വന്തം പേരിലാക്കി (18 വർഷം 169 ദിവസം).

13 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ ഏഴു ‍സെഞ്ചുറിയുടെയും അഞ്ച് അർധ സെഞ്ചുറിയുടെയും അകമ്പടിയോടെ 1398 റൺസ് നേടിയ പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കുള്ള വാതിലും ഷായ്ക്കു മുന്നിൽ തുറന്നു.  ദേശീയ ടീമിലേക്കുള്ള ചുവടുമാറ്റത്തിൽ ഷായ്ക്കു മുന്നിൽ ഇനി ഏതൊക്കെ റെക്കോർഡുകളാണു വഴിമാറുക എന്നു കാത്തിരുന്നു കാണാം!

പൃഥ്വി ഷായുടെ റെക്കോർഡുകൾ

∙ അരങ്ങേറ്റ ടെസ്റ്റിൽ  ഇന്ത്യയ്ക്കുവേണ്ടി സെഞ്ചുറി നേടുന്ന 15–ാമത്തെ താരം

∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്നു 104–ാമത്തെ താരം

∙ ടെസ്റ്റ് ക്രിക്കറ്റ്് കളിക്കുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്ത്യൻ താരം

∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം  കുറഞ്ഞ ഇന്ത്യക്കാരൻ

∙ രഞ്ജി ട്രോഫിയിലും ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റത്തിൽത്തന്നെ സെഞ്ചുറി  നേടുന്ന അപൂർവതാരങ്ങളിലൊരാൾ

SHARE