ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ 40 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഇന്ത്യ 292 റൺസിനു പുറത്ത്. പരമ്പരയിൽ ആദ്യമായി ലഭിച്ച അവസരം മുതലെടുത്ത ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഒന്നാം ഇന്നിങ്സിൽ 332 റൺസെടുത്ത ഇംഗ്ലണ്ടിന് ഇതോടെ 40 റൺസ് ലീഡും ലഭിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വിഹാരി 56 റൺസെടുത്തു പുറത്തായപ്പോൾ, ടെസ്റ്റിലെ തന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ കണ്ടെത്തിയ ജഡേജ 86 റൺസുമായി പുറത്താകാതെ നിന്നു. 156 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ജഡേജ 86 റൺസെടുത്തത്. ഇംഗ്ലണ്ടിനായി ആൻഡേഴ്സൻ, ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോൾ വിക്കറ്റു നഷ്ടം കൂടാതെ 20 റൺസെന്ന നിലയിലാണ്. തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സ് കളിക്കുന്ന അലസ്റ്റയർ കുക്ക് 13 റൺസോടെയും കീറ്റൺ ജെന്നിങ്സ് ഏഴു റൺസോടെയും ക്രീസിൽ. ഇംഗ്ലണ്ടിന് ഇപ്പോൾ ആകെ 60 റൺസ് ലീഡായി.

നേരത്തെ, ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയെ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവർ ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ 200 കടത്തി. ജഡേജയുടെ പിന്തുണയോടെ ഇംഗ്ലണ്ട് ബോളർമാരെ അനായാസം നേരിട്ട വിഹാരി, അരങ്ങേറ്റ ടെസ്റ്റിൽ അർധസെഞ്ചുറിയും നേടി. 104 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് വിഹാരി അർധസെഞ്ചുറി പൂർത്തിയാക്കിയത്.

 

ഒടുവിൽ ഇന്ത്യൻ സ്കോർ 237ൽ നിൽക്കെ മോയിൻ അലിയാണ് വിഹാരിയെ പുറത്താക്കിയത്. 124 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും സഹിതം 56 റൺസെടുത്ത ഹനുമ വിഹാരിയെ മോയിൻ അലി വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു. ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് വിഹാരി പുറത്തായത്. ഉച്ചഭക്ഷണത്തിനു പിരിയുന്നതുവരെ പിടിച്ചുനിന്നെങ്കിലും മടങ്ങിയെത്തി അധികം വൈകാതെ ഇഷാന്ത് ശർമയും കൂടാരം കയറി. 25 പന്തിൽ നാലു റൺസെടുത്ത ഇഷാന്ത് ശർമയെ മോയിൻ അലി പുറത്താക്കി.

മുഹമ്മദ് ഷമിയുടേതായിരുന്നു അടുത്ത ഊഴം. അഞ്ചു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ ആദിൽ റഷീദിന് മൽസരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് ഷമിയും കൂടാരം കയറി. അവസാന വിക്കറ്റിൽ ജസ്പ്രീത് ബുമ്രയെ ഒരറ്റത്തു സാക്ഷിനിർത്തി ആക്രമിച്ചു കളിച്ച ജഡേജയാണ് ഇന്ത്യൻ സ്കോർ 290 കടത്തിയത്. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു.

ഒന്നാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ ഏഴിന് 198 റൺസ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് 332 റൺസ് നേടിയതിന്റെ നിരാശയിൽ‌ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽത്തന്നെ പ്രഹരമേറ്റു. ബ്രോഡിന്റെ ഇൻസ്വിങ്ങറിൽ വിക്കറ്റിനു മുനിൽ കുടുങ്ങി ധവാൻ (3) പുറത്ത്. ധവാൻ റിവ്യുവിനു പോയെങ്കിലും റിവ്യു സമയമായ 15 സെക്കന്റ് അതിനകം പിന്നിട്ടിരുന്നു. നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയ പൂജാരയാണു പിന്നീടിറങ്ങിയത്. ശ്രദ്ധയോടെ ബാറ്റുവീശിയ രാഹുൽ– പൂജാര സഖ്യം ഇരുപത് ഓവറിൽ അധികം പിടിച്ചുനിന്നതോടെ ഇന്ത്യ മൽസരത്തിലേക്കു ശക്തമായി തിരിച്ചെത്തുന്നതിന്റെ സൂചന നൽകി. എന്നാൽ സാം കറന്റെ ലെങ്ത് ബോൾ രാഹുലിന്റെ (37) വിക്കറ്റ് തെറിപ്പിച്ചതോടെ ഇന്ത്യയ്ക്കു രണ്ടാം വിക്കറ്റും നഷ്ടം.

മൂന്നാമനായി ക്രീസിലെത്തിയ കോഹ്‌ലിയും പൂജാരയും ഇന്ത്യയ്ക്കു വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത ഓവറുകളിൽ പൂജാരയെയും രഹാനെയെയും മടക്കിയ ജയിംസ് ആൻഡേഴ്സൻ ഇംഗ്ലണ്ടിന്റെ രക്ഷകനായി. ‌‍ആൻഡേഴ്സന്റെ പന്തിൽ അനാവശ്യ ഷോട്ടിനു മുതിർന്ന പൂജാര (37) വിക്കറ്റിനു പിന്നിൽ ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി മടങ്ങി.

ഒന്നാം സ്ലിപ്പിൽ കുക്കിനു ക്യാച്ച് നൽകിയാണു രഹാനെ (0) പുറത്തായത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന കോഹ്‌ലി അർധ സെഞ്ചുറിയ്ക്ക് ഒരു റൺസ് അകലെ പുറത്താകുയും ചെയ്തതോടെ ഇന്ത്യയുടെ തകർച്ച പൂർണമായി. സ്റ്റോക്സാണു കോഹ്‌ലിയെ മടക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് (5) തുടർച്ചയായ മൂന്നാം ടെസ്റ്റിലും നിരാശപ്പെടുത്തി.

SHARE