ഇന്നലെ ദൈവവും ചെകുത്താനും അർജന്റീനയ്ക്ക് ഒപ്പം ആയിരുന്നു. ദൈവമായി മെസ്സിയും ഗാലറിയിൽ കുടിച്ചു കൂത്താടി മറഡോണയും… സകല സന്ദേഹങ്ങള്‍ക്കുമുള്ള ഉത്തരമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തിലെ തൊണ്ണൂറ് മിനിറ്റില്‍ ലയണല്‍ മെസ്സിയെന്ന അര്‍ജന്റീനയുടെ മിശിഹ നല്‍കിയത്. മൈതാനത്ത് പന്തു കൊണ്ട് നൃത്തംവച്ച് മെസ്സി അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിക്കുമ്പോള്‍ ഗ്യാലറിയില്‍ മറ്റൊരു താരം ഉന്മാദിയെപ്പോലെ ഉറഞ്ഞുതുള്ളുകയായിരുന്നു. അര്‍ജന്റീനക്കാരുടെ ഫുട്‌ബോള്‍ ദൈവം ഡീഗോ മാറഡോണ. അവർക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ.
ഗ്രൗണ്ടിലെ മെസ്സിയുടെ മാജിക്കിനേക്കാള്‍ സംഭവബഹുലമായിരുന്നു ഗ്യാലറിയിലെ ഡീഗോയുടെ കൂത്ത്. ലഹരിയിലെന്നവണ്ണം ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു രംഗപ്രവേശം. പിന്നെ കാണികളെ ഇളക്കിമറിച്ചുകൊണ്ട് നൃത്തംവച്ചു. മെസ്സി ഗോള്‍ നേടിയപ്പോള്‍ നെഞ്ചില്‍ കൈവച്ച് ആകാശത്തേയ്ക്ക് നോക്കി നന്ദി പറഞ്ഞു. ടാംഗോ നൃത്തച്ചുവടുകൾവച്ചു. പിന്നെ ആദ്യ പകുതിയോട് അടുത്തപ്പോള്‍ സുഖനിദ്രയിലായി. പൊടുന്നനെ മോസസ് പെനാല്‍റ്റിയിലൂടെ മത്സരം സമനിലയിലാക്കിയപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
ഒടുവില്‍ എണ്‍പത്തിയാറാം മിനിറ്റില്‍ മാര്‍ക്കസ് റോഹോയുടെ വിജയഗോള്‍ വെടിയുണ്ട പോലെ വലയില്‍ പതിച്ചപ്പോള്‍ സകല നിയന്ത്രണവും വിട്ടു. നടുവിരല്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ആഘോഷവും സന്തോഷ പ്രകടനവും. നാളെ വിവാദമാകുമെന്ന് ഉറപ്പായെങ്കിലും പണ്ട് കൈകൊണ്ട് ഗോൾ നേടിയ വിവാദനായകനായ ഡീഗോ അതൊന്നും കാര്യമാക്കിയില്ല.

ഗ്യാലറിയില്‍ സമനില തെറ്റിയ മട്ടില്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്ന ഡീഗോയ നിയന്ത്രിക്കാന്‍ സുരക്ഷാഭടന്മാര്‍ ശരിക്കും പാടുപെട്ടു. ഗ്യാലറിയില്‍ നിന്ന് താഴെ വീഴാതിരിക്കാന്‍ വട്ടംപിടിക്കേണ്ടിവന്നു അവര്‍ക്ക്.
റോഹോ ഗോളടിച്ചപ്പോള്‍ ഗ്രൗണ്ടിലെ കളിക്കാരുടെ ആഘോഷമായിരുന്നില്ല ഗ്യാലറിയിലെ ഡീഗോയുടെ അര്‍മാദിക്കലായിരുന്നു ടി.വി ചാനലുകള്‍ പകര്‍ത്തിയത്. അര്‍ജന്റീനയുടെ അവസാന ശ്വാസത്തിലെ വിജയത്തിന്റെ എല്ലാ തീവ്രതയുമുണ്ടായിരുന്നു പഴയ ലോകകപ്പ് ജേതാവിന്റെ ഉന്മാദത്തില്‍.

ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അര്‍ജന്റീനയുടെ പ്രതിരോധ നിരയും മുന്നേറ്റ നിരയും ഒരുപോലെ കരുത്തുകാട്ടുന്ന കാഴ്ചയാണ് ഇന്ന് ആദ്യ പകുതിയില്‍ കണ്ടത്. നൈജീരയന്‍ താരങ്ങള്‍ക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും ഈ സമയത്ത് നടത്താനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്ത് കാട്ടിയത് നൈജീരിയയായിരുന്നു.
പതിനാലാം മിനിറ്റിലായിരുന്നു എവര്‍ ബെനേഗയുടെ പാസില്‍ മെസ്സിയുടെ എണ്ണം പറഞ്ഞ ഗോള്‍. സെന്റര്‍ ലൈനില്‍ നിന്ന് ബെനേഗ മുഴുവന്‍ പ്രതിരോധത്തിനും മുകളിലൂടെ കൊടുത്ത നെടുനീളന്‍ ലോബ് ബോക്‌സിന്റെ വലതുഭാഗത്തേയ്ക്ക് ഓടിയിറങ്ങിയ മെസ്സി തുടയില്‍ താങ്ങിയെടുത്ത് ഡിഫന്‍ഡര്‍ ഒമേറുവിനോട് മത്സരിച്ച് തന്റെ വലങ്കാല്‍ കൊണ്ട് തൊടുക്കുകയായിരുന്നു, പോസ്റ്റിന്റെ വലതേ മൂലയിലേയ്ക്ക്. ലക്ഷ്യം പിഴച്ചില്ല. ആരാധകരുടെ പ്രാര്‍ഥനകളും. മെസ്സിയുടെ ഗോളിലൂടെ അര്‍ജന്റീന മുന്നില്‍. 1-0
ലിയോണ്‍ ബാലഗോണിനെ ഹാവിയര്‍ മഷരാനോ ബോക്സില്‍ വെച്ച് ഫൗള്‍ ചെയ്തതിനാണ് നൈജീരയയുടെ മറുപടിഗോളിന് കാരണമായ പെനാല്‍റ്റി റഫറി നല്‍കിയത്.

കോര്‍ണറെടുക്കുന്നതിനിടയില്‍ ബോക്സില്‍ വെച്ച് മഷരാനോ നൈജീരിയയുടെ ബലാഗണിനെ പിടിച്ചു വെയ്ക്കുകയായിരുന്നു. നൈജീരിയന്‍ താരങ്ങള്‍ വാറിന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നൈജീരിയക്ക് അനൂകലമായ പെനാല്‍റ്റി വിധി വന്നു. മഷരാനോയ്ക്ക് മഞ്ഞക്കാര്‍ഡും.

SHARE