വിരാട് കോഹ്‌ലിയില്ലാതെ ഏഷ്യ കപ്പിനെത്തിയ ഇന്ത്യ ആദ്യ മൽസരത്തിൽ ഹോങ്കോങ്ങിനെതിരെ ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ എട്ടു വിക്കറ്റിനു തകർത്തുവിട്ട ഹോങ്കോങ്ങിൽനിന്നു കാര്യമായ ഭീഷണി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. കരുത്തരായ പാക്കിസ്ഥാനുമായാണ് നാളെത്തെ കളി.

ഏകദിനത്തിൽ മികച്ച ഫോമിൽ ബാറ്റു വീശുന്ന രോഹിത്– ശിഖർ ധവാൻ സഖ്യത്തിനു നല്ല തുടക്കം സമ്മാനിക്കാനായാൽ മറ്റു ബാറ്റ്സ്മാൻമാർക്കു കാര്യമായി ആശങ്കപ്പെടേണ്ടി വരില്ല. തുടർച്ചയായുള്ള മൽസരങ്ങളിൽ ക്ഷീണിതനായ കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചതോടെ മൂന്നാം നമ്പരിൽ ആരു ബാറ്റു ചെയ്യും എന്നതാകും പരമ്പരയിൽ രോഹിത് ശർമയെ അലട്ടുന്ന ചോദ്യം. മൂന്നാം നമ്പരിൽ ഇന്നു കെ.എൽ.രാഹുലിനു നറുക്കു വീഴാനാണു സാധ്യത.

മനീഷ് പാണ്ഡെ, കേദാൽ യാദവ്, അമ്പാട്ടി റായുഡു തുടങ്ങിയവർക്കു ടീമിൽ സ്ഥാനം ഉറപ്പിക്കാനായുള്ള അവസരമാകും ഏഷ്യ കപ്പ്. മധ്യനിരയിൽ എം.എസ്.ധോണിയുടെ ബാറ്റിങ് ഫോമും ടൂർണമെന്റിൽ ഇന്ത്യയ്ക്കു നിർണായകമാണ്. ജയ്പ്രിത് ബുമ്ര– ഭുവനേശ്വർ കുമാർ സഖ്യത്തിന്റെ പവർപ്ലേ ഓവറുകൾ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇന്നു ഹോങ്കോങ് ബാറ്റ്സ്മാൻമാരെ കാത്തിരിക്കുന്നത്. പാക്കിസ്ഥാനുമായുള്ള കളി മുന്നിലുള്ളതിനാൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യ മികച്ച ടീമിനെത്തന്നെ ഇറക്കിയേക്കും.

SHARE