അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 144 റൺസിന്റെ വിജയമാണ് ഇന്ത്യൻ യുവതാരങ്ങൾ സ്വന്തമാക്കിയത്. 305 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 38.4 ഓവറിൽ 160 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റുകൾ വീഴ്ത്തിയ ഹർഷ് ത്യാഗിയുടെ ബോളിങ് മികവിലാണു വമ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയത്.

 

67 പന്തിൽ 49 റൺസെടുത്ത ഓപ്പണർ നിഷാന്‍ മദുഷ്കയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ശ്രീലങ്കയുടെ ആറ് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. ഇന്ത്യയ്ക്കായി സിദ്ധാർഥ് ദേശായ് രണ്ടു വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 304 റൺസെടുത്തു. ഇന്ത്യയ്ക്കായി ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (113 പന്തിൽ 85), അനൂജ് റാവത്ത് (79 പന്തിൽ 57), ക്യാപ്റ്റൻ സിമ്രൻ സിങ് (37 പന്തിൽ 65), ആയുഷ് ബദോനി (28 പന്തിൽ 52) എന്നിവർ അർധ സെഞ്ചുറി നേടി. മലയാളി താരം ദേവ്ദത്ത് പടിക്കൽ 43 പന്തിൽ 31 റൺസുമായി പുറത്തായി. സിമ്രൻ സിങ്, ആയുഷ് ബദോനി എന്നിവർ ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു. സെമിയിൽ ആതിഥേയരായ ബംഗ്ലദേശിനെ രണ്ട് റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.

SHARE