വെസ്റ്റ് ഇൻഡീസിനെതിരായ അദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ വിജയം. ഒരു ഇന്നിങ്സിനും 272 റൺസിനുമാണ് വിൻഡീസിനെ തോൽപ്പിച്ചത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1–0 ന് മുന്നിലായി. ഫോളോ ഓൺ ചെയ്യ്ത സന്ദർശകർ രണ്ടാം ഇന്നിങ്സിൽ 50.5 ഓവറിൽ 196 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്സിൽ 181 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ ആദ്യ ഇന്നിങ്സ് 649/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

റെക്കോർഡുകൾ കടപുഴക്കി പൃഥ്വി ഷാ വരുന്നു; ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ മുഖം

ലിറ്റിൽ മാസ്റ്റർ X ലിറ്റിൽ ഷാ
രണ്ടാം ഇന്നിങ്സിൽ കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിൻഡീസിനെ തകർത്തത്. ജഡേജ മൂന്നും അശ്വിൻ രണ്ടും വിക്കറ്റും സ്വന്തമാക്കി. ബ്രാത്‌വെയ്റ്റ് (10), ഹോപ്പ് (17), ഹെറ്റ്മയർ (11), ആംബ്റിസ് (0), പവൽ(83), ചേസ്(20), പോൾ (15), ബിഷു (9), ലൂയിസ് (4), ഗബ്രിയേല്‍ (4) എന്നിവരാണ് പുറത്തായത്. 16 റൺസോടെ ഡൗറിച്ച് പുറത്താകാതെ നിന്നു.

നേരത്തെ, മൂന്നാം ദിനം 94/6 എന്ന നിലയിൽ കളി പുനഃരാരംഭിച്ച വിൻഡീസ് 181 റൺസിനു പുറത്തായി. നാലു വിക്കറ്റ് നേടിയ അശ്വിനാണ് വിൻഡീസിനെ തകർത്തത്. മൂന്നാം ദിനം കരുതലോടെ തുടങ്ങിയെങ്കിലും അശ്വിന്റെ സ്പിൻ കരുത്തിനു മുൻപിൽ ഏറെ നേരം പിടിച്ചു നിൽക്കാൻ കരീബിയൻ പടയ്ക്കായില്ല.

ഏഴാം വിക്കറ്റിൽ ചേസ്–പോൾ സഖ്യം 73 റൺസ് കൂട്ടിചേർത്തതാണ് വിൻഡീസിനു കുറച്ചെങ്കിലും രക്ഷയായത്. അല്ലെങ്കിൽ ഇതിലും ദയനീയമായേനെ അവരുടെ അവസ്ഥ. മൂന്നാം ദിനത്തിന്റെ പത്താം ഓവറിൽ 47 റൺസെടുത്ത പോളിനെ ഉമേഷ് യാദവ് മടക്കിയതോടെ വിൻഡീസിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പിന്നീട് വന്ന എല്ലാവർ‌ക്കും അശ്വിന് വിക്കറ്റ് സമ്മാനിച്ച് നൽകാനിയിരുന്നു യോഗം. ചേസ്(53), ലൂയിസ് (0), ഗബ്രിയേൽ (1) എന്നിവരാണ് ഇന്നു പുറത്തായത്. ബിഷു (17) പുറത്താകെ നിന്നു.

രണ്ടാം ദിനം ക്യാപ്റ്റൻ കോഹ്‌ലി 24–ാം സെഞ്ചുറി കണ്ടെത്തിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ചുറിയാണു ജഡേജ കുറിച്ചത്; അതും സ്വന്തം നാട്ടിൽ. തുടർച്ചയായ മൂന്നു വർഷങ്ങളിൽ ടെസ്റ്റിൽ 1000 റൺസ് പിന്നിട്ടതിന്റെ റെക്കോർഡും കോഹ്‌ലി കുറിച്ചു.

ഇന്ത്യൻ ബാറ്റിങ് കരുത്തിനു മുന്നിൽ അടിതെറ്റിയ വിൻഡീസിന് പിന്നീടും തൊട്ടതെല്ലാം പിഴച്ചു. മൂന്നാം ഓവറിൽ മുഹമ്മദ് ഷാമിയുടെ പന്തിൽ ബ്രാത്‌വെയ്റ്റ് പുറത്ത്. അതൊരു തുടക്കം മാത്രം. കീറൻ പവൽ(ഒന്ന്), ഷായ് ഹോപ്(10), ഹെട്മയേർ(10), ആംബ്രിസ്(12), ഡൗറിച്ച്(10) എന്നിവരും പുറത്തായതോടെ അവർ തികഞ്ഞ സമ്മർദ്ദത്തിലാണ്.

ആദ്യദിനം പൃഥ്വി ഷാ സ്വന്തമാക്കിയെങ്കിൽ രണ്ടാം ദിനം മറ്റൊരു യുവ താരമായ ഋഷഭ് പന്തിനു സ്വന്തം. നിർഭയത്വവും സാങ്കേതിക മികവും ചാലിച്ച കിടിലൻ ഇന്നിങ്സ് കൊണ്ട് കാണികളെ വിരുന്നൂട്ട് ഋഷഭിന്റെ ബാറ്റിൽ നിന്നു പിറന്നത് 92 റൺസ്. വെറും 84 പന്തുകളിൽ എട്ടു ബൗണ്ടറിയും നാലു സിക്സറും പായിച്ച ഋഷഭ് മറ്റൊരു സിക്സറിനുള്ള ശ്രമത്തിൽ പുറത്തായി. ബിഷൂവിന്റ പന്ത് മോഹിപ്പിച്ച് എത്തിയപ്പോൾ കരുത്തു മുഴുവൻ ബാറ്റിലേക്ക് പകർന്നു ഋഷഭ് ആഞ്ഞടിച്ചെങ്കിലും കീമോ പോളിന്റെ കൈകളിൽ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ നേടിയ ഉജ്വല സെഞ്ചുറിക്കു തുടർച്ചയായി മറ്റൊരു നേട്ടത്തിനു എട്ടു റൺസകലെ പുറത്തായതിന്റെ നിരാശ ഋഷഭിന്റെ മുഖത്ത് ദൃശ്യമായിരുന്നു. കോഹ്‌ലിക്ക് 55 റൺസ് പിന്നിലായി ബാറ്റിങ് തുടങ്ങിയ ഋഷഭ്, കോഹ്‌ലിയെയും കടന്നു സെഞ്ചുറിയിലേക്കു കുതിക്കുമെന്നു വരെ തോന്നിച്ച പ്രകടനമാണു നടത്തിയത്.

നാലു വിക്കറ്റിനു 364 റൺസുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കു അഞ്ചാം വിക്കറ്റായി ഋഷഭ് പുറത്തായതു 470 റൺസിൽ. കോഹ്‌ലിയുടേതു പക്വതയാർന്ന ഇന്നിങ്സായിരുന്നു. മോശം പന്തുകളുമായി ഇടയ്ക്കിടെ റൺവേട്ടയ്ക്ക് അവസരം നൽകിയ വിൻഡീസിനെതിരെ സാഹസത്തിനൊന്നും കോഹ്‌ലി മുതിർന്നില്ല. മൂന്നക്കം കടന്നപ്പോൾ മറ്റൊരു റെക്കോർ‍ഡ് കൂടി കോഹ്‌ലിക്കു സ്വന്തം. 24 ടെസ്റ്റ് സെഞ്ചുറികൾ ഏറ്റവും കുറച്ച് ഇന്നിങ്സിലെത്തുന്നതിൽ രണ്ടാം സ്ഥാനം. 123–ാം ഇന്നിങ്സിലായിരുന്നു കോഹ്‌ലി ഈ നേട്ടം പിന്നിട്ടത്. 66 ഇന്നിങ്സിൽ 24 സെഞ്ചുറിയിലെത്തിയ സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ സ്കോർ 534 റൺസിൽ കോഹ്‌ലി പുറത്തായി. പിന്നീടെത്തിയ അശ്വിനും(ഏഴ്), കുൽദീപ് യാദവും(12) പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ എട്ടു വിക്കറ്റിന് 571 റൺസ്. ഇതോടെ ജഡേജയുടെ സെഞ്ചുറിയിലായി പ്രതീക്ഷ. ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് ജഡേജ സെഞ്ചുറിയിലേക്കു കുതിച്ചു. 132 പന്തുകളിൽ അഞ്ചു ബൗണ്ടറിയും അഞ്ചു സിക്സറും നിറഞ്ഞ ഇന്നിങ്സ്. 50 റൺസിൽ നിന്നു വെറും 34 പന്തുകളിലാണ് ജഡേജ 98 റൺസിലേക്കു കുതിച്ചത്.

കോഹ്‍ലിയുടെ 24–ാം ടെസ്റ്റ് സെഞ്ചുറി, വേണ്ടിവന്നത് 123 ഇന്നിങ്സുകൾ. 24 ടെസ്റ്റ് സെഞ്ചുറികൾ പൂർത്തിയാക്കാൻ ഏറ്റവും കുറച്ച് ഇന്നിങ്സുകൾ എന്ന നേട്ടത്തിൽ സച്ചിൻ തെൻഡുൽക്കറെ പിന്തള്ളി കോഹ്‍ലി രണ്ടാം സ്ഥാനത്ത്. 24 സെഞ്ചുറികൾ പൂർത്തിയാക്കാൻ ഏറ്റവും കുറച്ച് ഇന്നിങ്സുകൾ വേണ്ടിവന്നത് സർ ഡോൺ ബ്രാഡ്മാനാണ് (66 ഇന്നിങ്സുകൾ) . സച്ചിന് 24 സെഞ്ചുറികൾ പൂർത്തിയാക്കാൻ 125 ഇന്നിങ്സുകൾ വേണ്ടിവന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി മൂന്നു കലണ്ടർ വർഷങ്ങളിൽ ആയിരം റൺസ് തികയ്ക്കുന്ന ആറാമത്തെ താരവും ആദ്യ ഇന്ത്യൻ താരവും എന്ന നേട്ടം കോഹ്‍ലി സ്വന്തമാക്കി. 2016ൽ കോഹ്‍ലി 1215 റൺസും 2017ൽ 1059 റൺസും ഇക്കൊല്ലം 1018 റൺസും തികച്ചു. മാത്യു ഹെയ്ഡൻ (തുടർച്ചയായി അഞ്ചു വർഷങ്ങളിൽ ആയിരം റൺസ്– 2001–05), സ്റ്റീവ് സ്മിത്ത് (തുടർച്ചയായി നാലു വർഷങ്ങളിൽ ആയിരം റൺസ്– 2014–17), ബ്രയൻ ലാറ, മാർക്കസ് ട്രസ്കോത്തിക്, കെവിൻ പീറ്റേഴ്സൻ (തുടർച്ചയായി മൂന്നു വർഷങ്ങളിൽ ആയിരം റൺസ്) എന്നിവരാണ് കോഹ്‍ലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.

ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. 1979ൽ കാൺപൂരിൽ ഇന്ത്യ കുറിച്ച 647/9 ആയിരുന്നു വിൻഡീസിനെതിരെ ഇതുവരെയുള്ള ഇന്ത്യയുടെ ഉയർന്ന ടോട്ടൽ. അന്ന് സുനിൽ ഗാവസ്കറുടെ നേതൃത്വത്തിൽ ഇന്ത്യ സമനില വഴങ്ങി. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് 2016ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 759/7.

സ്കോർബോർഡ്

ഇന്ത്യ ആദ്യ ഇന്നിങ്സ്

പൃഥ്വി ഷാ സി ആൻഡ് ബി ബിഷൂ– 134, രാഹുൽ എൽബി ബി ഗബ്രിയേൽ– പൂജ്യം, പൂജാര സി ഡൗറിച്ച് ബി ഷെർമൻ ലൂയിസ്– 86, കോഹ്‌ലി സി ബിഷൂ ബി ഷെർമൻ ലൂയിസ് – 139, രഹാനെ സി ഡൗറിച്ച് ബി റോസ്റ്റൻ ചേസ്– 41, ഋഷഭ് പന്ത് സി കീമോ പോൾ ബി ബിഷൂ– 92, ജഡേജ നോട്ടൗട്ട്– 100, അശ്വിൻ സി ഡൗറിച്ച് ബി ബിഷൂ– ഏഴ്, കുൽദീപ് എൽബി ബി ബിഷൂ– 12, ഉമേഷ് യാദവ് സി ഷെർമൻ ലൂയിസ് ബി ബ്രാത്‌വെയ്റ്റ്– 22, മുഹമ്മദ് ഷാമി നോട്ടൗട്ട്– രണ്ട്

എക്സ്ട്രാസ്– 14

ആകെ 149.5 ഓവറിൽ ഒൻപതു വിക്കറ്റിന് 649 ഡിക്ലയേർഡ്

വിക്കറ്റുവീഴ്ച: 3–1, 209–2, 232–3, 337–4, 470–5, 534–6, 545–7, 571–8, 629–9

ബോളിങ്: ഷന്നൻ ഗബ്രിയേൽ 21–1–84–1, കീമോ പോൾ 15–1–61–0, ഷെർമൻ ലൂയിസ് 20–0–93–2, ദേവേന്ദ്ര ബിഷൂ 54–3–217–4, റോസ്റ്റൻ ചേസ് 26–1–137–1, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 13.5–1–47–1

വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സ്

ബ്രാത്‌വെയ്റ്റ് ബി മുഹമ്മദ് ഷാമി – രണ്ട്, കീറൻ പവൽ എൽബി ബി ഷാമി– ഒന്ന്, ഷായ് ഹോപ് ബി അശ്വിൻ–10, ഷിർമോൻ ഹെറ്റ്മയേർ റണ്ണൗട്ട്– 10, സുനിൽ ആംബ്രിസ് സി രഹാനെ ബി ജഡേജ– 12, റോസ്റ്റൻ ചേസ് നോട്ടൗട്ട്– 27, ഷെയ്ൻ ഡൗറിച് ബി കുൽദീപ് യാദവ്– 10, കീമോ പോൾ നോട്ടൗട്ട്– 13

എക്സ്ട്രാസ്– ഒൻ‌പത്

ആകെ 29 ഓവറിൽ ആറു വിക്കറ്റിന് 94

വിക്കറ്റുവീഴ്ച: 1–2, 2–7, 3–21, 4–32, 5–49, 6–74

ബോളിങ്: മുഹമ്മദ് ഷാമി 6–2–11–2, ഉമേഷ് യാദവ് 7–1–14–0, രവിചന്ദ്ര അശ്വിൻ 7–032–1, രവീന്ദ്ര ജഡേജ 5–1–9–1, കുൽദീപ് 4–19–1

 

 

SHARE